റാഞ്ചി: അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഝാർഖണ്ഡ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി അഞ്ചുമാസത്തിനു ശേഷമാണ് സോറന് ജാമ്യം ലഭിക്കുന്നത്. ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇ.ഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
അറസ്റ്റിനു ശേഷം സോറൻ റാഞ്ചിയിലെ ബിർസ മുണ്ട ജയിലിൽ കഴിയുകയായിരുന്നു. ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനിടെ നേതാവിന് ജാമ്യം ലഭിച്ചത് ഝാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം)ക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ട്. ജെ.എം.എം എക്സിക്യൂട്ടീവ് പ്രസിഡന്റാണ് സോറൻ.
സോറനെതിരായ കേസുകൾ കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അരുണാഭ് ചൗധരി പ്രതികരിച്ചു. കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്ന് സോറന്റെ മറ്റൊരു അഭിഭാഷകയായ മീനാക്ഷി അറോറയും വ്യക്തമാക്കി. ഝാർഖണ്ഡ് നിയമസഭാ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കോടതി നേരത്തേ സോറന് അനുമതി നൽകുകയുണ്ടായി.
വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗംചെയ്ത് റാഞ്ചിയിൽ 8.86 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നുകേസുകളാണ് ഇ.ഡി ഹേമന്ത് സോറനെതിരെ രജിസ്റ്റർചെയ്തത്. ഭൂമിയിടപാടിൽ സോറന് പങ്കുണ്ടെന്നതിന് ദൃക്സാക്ഷികളുണ്ടെന്നായിരുന്നു ഇ.ഡിയുടെ വാദം.