അഹമ്മദാബാദ് : 120 സീറ്റ് നേടി കോൺഗ്രസ് ഗുജറാത്തിൽ അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയും താര പ്രചാരകനുമായ ജിഗ്നേഷ് മെവാനി. ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. പ്രചാരണത്തിൽ പുറകിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഇനിയും ഗുജറാത്തിലെത്തും. മോർബിയിലെ തൂക്കുപാലസം തകർന്ന് നിരവധി ജീവൻ പൊലിഞ്ഞത് പ്രചാരണ വിഷയം തന്നെയാണ്. ആംആദ്മി പാർട്ടിക്ക് ഒരു സീറ്റും കിട്ടില്ല. സമൂഹമാധ്യമങ്ങളിലെ കോലാഹലങ്ങൾ വോട്ടാകില്ലെന്നും മെവാനി പറഞ്ഞു. ആംആദ്മി കോൺഗ്രസിന്‍റെ വോട്ട് വിഭജിച്ചേക്കാം.വോട്ട് വിഭജിച്ചാൽ അവർ ബിജെപിയെ സഹായിക്കുന്നവരാണെന്ന് ഒരിക്കൽ കൂടെ വ്യക്തമാവുമെന്നും മെവാനി കൂട്ടിച്ചേർത്തു.
ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 52 ശതമാനമായിരുന്നു പോളിംഗ്. കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. നാടിളക്കി നടത്തിയ പ്രചാരണ പരിപാടികൾക്കൊടുവിൽ നടന്ന വോട്ടെടുപ്പിന് പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല. കനത്ത പോരാട്ടമാണ് നടക്കുന്നതെങ്കിലും സൗരാഷ്ട്ര കച്ച് മേഖലയിലും തെക്കൻ ഗുജറാത്തിലും മന്ദഗതിയിൽ ആയിരുന്നു തുടക്കം മുതൽ പോളിംഗ്. ഗുജറാത്തികൾക്കൊപ്പം മലയാളി വോട്ടർമാരും രാവിലെതന്നെ പോളിംഗ് ബൂത്തിലേക്ക് എത്തി.
അതേസമയം ബിജെപി ഇത്തവണ ഗുജറാത്തില്‍ റെക്കോര്‍ഡ് സീറ്റ് നേടുമെന്നാണ് ഹാര്‍ദ്ദിക് പട്ടേല്‍ പറയുന്നത്. 150 ലേറെ സീറ്റുകൾ നേടുമെന്നാണ് ഹാര്‍ദ്ദികിന്‍റെ ആത്മവിശ്വാസം. കോണ്‍ഗ്രസ് വിട്ട് താന്‍ ബിജെപിയിലേക്ക് വന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാഹചര്യങ്ങൾ ഇപ്പോളില്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ആംആദ്മി പാർട്ടിയിൽ ചേരാനുള്ള ചില പട്ടേൽ സമര നേതാക്കളുടെ തീരുമാനം വ്യക്തിപരമാണ്. ആംആദ്മിക്ക് ഗുജറാത്തിൽ സ്ഥാനമില്ല. ദൈവങ്ങളെ വിശ്വസിക്കാത്ത ആംആദ്മി പാർട്ടിക്കാരെ ഗുജറാത്തികൾ വിശ്വസിക്കില്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു.