ബംഗളൂരു: ബംഗളൂരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തരത്തിൽ തെറ്റായ പ്രസ്താവന നടത്തിയ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രക്കെതിരെ രൂക്ഷ വിമർശനം. ജെ.ജെ. നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കപകടത്തിനുശേഷം യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ചന്ദ്ര എന്ന യുവാവ് കൊല്ലപ്പെട്ടത്. ഉർദു സംസാരിക്കാതെ കന്നട സംസാരിച്ചതിനാണ് ചന്ദ്രയെ കൊലപ്പെടുത്തിയതെന്ന അരഗ ജ്ഞാനേന്ദ്രയുടെ പ്രസ്താവനയാണ് വിവാദമായത്. എന്നാൽ, ഇത് നിഷേധിച്ചുകൊണ്ട് പൊലീസ് വിശദീകരണം നൽകിയതോടെ മന്ത്രി പ്രസ്താവന പിൻവലിക്കുകയായിരുന്നു.
ചന്ദ്രുവിന്‍റെ കൊലപാതകത്തിൽ വിശദാംശങ്ങൾ തേടിയെന്നും ഉർദു സംസാരിക്കാൻ അവനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ, കന്നട മാത്രമെ അറിയുകയുള്ളൂവെന്നാണ് ചന്ദ്രു മറുപടി നൽകിയതെന്നുമാണ് മന്ത്രിയുടെ ആദ്യത്തെ പ്രതികരണം. ദലിത് യുവാവായ ചന്ദ്രുവിനെ മനുഷ്യത്വരഹിതമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കോട്ടൺപേട്ട് സ്വദേശിയായ ക്രിസ്ത്യൻ യുവാവാണ് ചന്ദ്രുവെന്നും (22) ചൊവ്വാഴ്ച രാത്രി മൈസൂരു റോഡിൽ ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങിവരുന്നതിനിടെ മറ്റൊരു ബൈക്കിലിടിക്കുകയായിരുന്നുവെന്നും സിറ്റി പൊലീസ് കമീഷണർ കമൽ പന്ത് വിശദീകരിച്ചു. ചന്ദ്രുവിനൊപ്പം സൈമൺ രാജ് എന്ന സുഹൃത്തും ഒപ്പമുണ്ടായിരുന്നു.
ചന്ദ്രുവിന്‍റെ ബൈക്കുമായി കൂട്ടിയിടിച്ച ബൈക്ക് ഷഹീദ് എന്ന യുവാവാണ് ഓടിച്ചിരുന്നത്. അപകടത്തെത്തുടർന്ന് ചന്ദ്രുവും ഷഹീദും തമ്മിൽ വാക്കേറ്റമായി. ഇതോടെ മറ്റുള്ളവരും ഒപ്പം കൂടി. ഇരുകൂട്ടരും തമ്മിൽ സംഘർഷവുമുണ്ടായി. ഇതിനിടെ ഷഹീദ് കത്തി ഉപയോഗിച്ച് ചന്ദ്രുവിനെ കുത്തിയശേഷം സ്ഥലം വിടുകയായിരുന്നുവെന്നും സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു. തെറ്റായ വിവരം നൽകിയ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും രംഗത്തെത്തി. ഇതോടെയാണ് തെറ്റായ പ്രസ്താവന മന്ത്രി തിരുത്തിയത്. നേരത്തെ പറഞ്ഞത് തെറ്റായിരുന്നുവെന്നും വിശദമായ റിപ്പോർട്ട് ഇപ്പോഴാണ് ലഭിച്ചതെന്നും ഭാഷാപരമായ പ്രശ്നമായിരുന്നില്ല കൊലപാതകത്തിന് കാരണമെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.