പത്തനംതിട്ട: ആറന്മുള സ്വദേശിയായ യുവതിക്ക് യുഎസ് ഷിപ്പിംഗ് കമ്പനിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. യുവതിയെ പ്രലോഭിപ്പിച്ച് പല ബാങ്ക് അക്കൗണ്ടുകൾ വഴി പല തവണകളായി പണം തട്ടിയ കേസിലെ മുഖ്യപ്രതി മഹാരാഷ്ട്ര നല്ലസോപ്പാറ സ്വദേശി രമേശ് നവരങ്ക് യാദവിനെയാണ് കൊല്ലം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ജോലി ആവശ്യത്തിനായി യുവതി Nowkari.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിരുന്നു. ഇതിന് പിന്നാലെ പല നമ്പറുകളിൽ നിന്ന് യുഎസ് ഷിപ്പിങ് കമ്പനിയിൽ ജോലി തരപ്പെടുത്താം എന്ന് അറിയിച്ച് ഫോൺ കോൾ വന്നു. അവർ പറഞ്ഞ പ്രകാരമുള്ള അക്കൗണ്ടുകളിലേക്ക് പരാതിക്കാരി പണം അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ ഷിപ്പിങ് കമ്പനിയിൽ ജോലി നൽകാതെ കബളിപ്പിച്ചതോടെ യുവതി പരാതി നൽകുകയായിരുന്നു.
പ്രതിയെ തേടിയുള്ള പൊലീസ് അന്വേൽണത്തിൽ പണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയായ മഹാരാഷ്ട്ര നല്ലസോപ്പാറ സ്വദേശിയായ രമേഷ് നവരങ്ക് യാദവ് മുംബൈയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. അന്വേഷണസംഘ തലവനായ കൊല്ലം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് എൻ രാജന്റെ നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് കൊല്ലം ഡിറ്റക്ടീവ് ഇൻസ്പെക്ടർ സനൂജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അൽത്താഫ് , ബിനു. സി . എസ് , സിവിൽ പൊലീസ് ഓഫീസർ ഷൈജു എന്നിവർ മുംബൈയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുംബൈയിലെ വിരാർ വസായി, പെൽഹാർ എന്ന സ്ഥലത്ത് നിന്ന് അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്. ഇയാളെ വസായി കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി കേരളത്തിൽ എത്തിച്ച് പത്തനംതിട്ട കോടതിയിൽ ഹാജരാക്കി കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് എൻ രാജൻ അറിയിച്ചു.