കട്ടപ്പന: സർക്കാറിന്‍റെ കേരള നോളജ് ഇക്കണോമി മിഷൻ നേതൃത്വത്തിൽ കട്ടപ്പന ഗവ. കോളജിൽ തൊഴിൽ മേള സംഘടിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തൊഴിൽമേള ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 10,000 പേർക്ക് ജോലി ലഭിക്കാനുള്ള സാധ്യതയാണ് തുറക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ ചെയർപേഴ്സൻ ബീന ജോബി അധ്യക്ഷവഹിച്ചു. കലക്ടർ ഷീബ ജോർജ് സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ്, വാർഡ് കൗൺസിലർ കെ. ഷമീജ്, ജില്ല തൊഴിൽ ഓഫിസർ റെജി, ജില്ല ഇൻഫർമേഷൻ ഓഫിസർ സതീഷ് കുമാർ, കോളജ് പ്രിൻസിപ്പൽ ഡോ.വി. കണ്ണൻ, പ്രോഗ്രാം മാനേജർ ഡോ. മധുസുധൻ എന്നിവർ ഓൺലൈൻ ചടങ്ങിൽ സംസാരിച്ചു. ജില്ല പ്ലാനിങ് ഓഫിസർ സാബു വർഗീസ് നന്ദി പറഞ്ഞു.
20 കമ്പനികൾ നേരിട്ടും എട്ട് കമ്പനികൾ ഓൺലൈനായും പങ്കെടുത്ത ഇന്‍റർവ്യൂവിൽ 500 ഉദ്യോഗാർഥികൾ പങ്കെടുത്തു. ഇതിൽ പങ്കെടുക്കാൻ കഴിയാതെ പോയവർക്ക് 21 മുതൽ 27 വരെ നടക്കുന്ന വെർച്വൽ ജോബ് ഫെയറിൽ നോളജ് മിഷൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഓൺലൈനായി ഇന്‍റർവ്യൂയിൽ പങ്കെടുക്കാൻ അവസരമുണ്ട്. 2021ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റം എന്ന പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് കേരള നോളജ് ഇക്കോണമി മിഷൻ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവും ഉള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽ ദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ് മേളയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.