ഒരിക്കൽ കുറ്റവാളികളായിരുന്നവരെ അംഗീകരിക്കാൻ സമൂഹത്തിന് മടിയുണ്ട് അല്ലേ? അതിനാൽ തന്നെ അവർക്ക് പലപ്പോഴും ജോലി കിട്ടുക പ്രയാസമായിരിക്കും. അതുകൊണ്ട്, നേരത്തെ ചെയ്‍തിരുന്ന കളവുകളിലേക്കും ക്രൈമുകളിലേക്കും തന്നെ മടങ്ങിപ്പോകുന്നവരും കുറവല്ല.
എന്നാൽ, ഐസ്‍ലൻഡിലെ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്ന ആളുകൾക്കായി ജോലി വാഗ്ദ്ധാനം ചെയ്യുകയാണ്. ജയിലധികാരികളുമായി അതിനുള്ള കരാർ ഒപ്പുവച്ച് കഴിഞ്ഞു. കഴിഞ്ഞ മാസം ജയിലിന്റെ പുനരധിവാസത്തിന്റെ ചുമതല പുരോഹിതനായ പോൾ കൗലി ഏറ്റെടുത്ത ശേഷമായിരുന്നു ഇത്. പോൾ കൗലിയും നേരത്തെ ഒരു കുറ്റവാളി ആയിരുന്നു. 17 -ാമത്തെ വയസിൽ ആറുമാസം മോഷണക്കുറ്റത്തിന് അദ്ദേഹം അകത്ത് കിടന്നു.
അറുപതുകളിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രായം. വിവിധ ജയിലുകൾ സന്ദർശിക്കുകയും തടവുകാരെ കാണുകയും ഒക്കെ ചെയ്യാറുണ്ട് അദ്ദേഹം. അടുത്തിടെ ജയിലിൽ നിന്നും മോചിപ്പിക്കപ്പെട്ട രണ്ടുപേർ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്നുണ്ട്. അതോടെ മറ്റുള്ളവരും റവ. പോൾ കൗലിയെ ജോലി നേടാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് സമീപിക്കുകയായിരുന്നു.
ഇപ്പോൾ ആയിരത്തോളം സ്റ്റോറുകളിലാണ് തടവുശിക്ഷ കഴിഞ്ഞിറങ്ങുന്നവരെ ജോലിക്കായി നിയമിക്കുക. യുകെ -യിലുടനീളമായി ഇതുപോലെ മുൻ കുറ്റവാളികൾക്ക് ജോലി ലഭിക്കുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ് എന്ന് പോൾ കൗലി പറയുന്നു. പോൾ കൗലി ജയിലിൽ നിന്നും ഇറങ്ങിയ ശേഷം സൈന്യത്തിൽ ചേരുകയായിരുന്നു. 17 വർഷം സൈന്യത്തിൽ പ്രവർത്തിച്ചു. പിന്നീട് അവിടെനിന്നും പിരിഞ്ഞ ശേഷം 2002 -ലാണ് പുരോഹിതനായി മാറുന്നത്. പിന്നീട്, പല ചാരിറ്റി പ്രവർത്തനങ്ങളും നടത്തി.
ഏതായാലും, ജയിലിൽ നിന്നും ശിക്ഷയെല്ലാം കഴിഞ്ഞ് ഇറങ്ങുന്ന മനുഷ്യരിൽ ഒരു വലിയ വിഭാഗത്തിന് പുതിയൊരു ജീവിതം തുടങ്ങാൻ ഈ പദ്ധതി സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.