വാഷിങ്ടൺ: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. ക്രൂരമായ ആക്രമണമാണ് ഉണ്ടായത്, സംഭവത്തിലെ ഞെട്ടലും സങ്കടവും പ്രകടിപ്പിക്കുന്നു. റുഷ്ദി എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും യുഎസ് പ്രസിഡന്റ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം അക്രമിയുടെ കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ റുഷ്ദിയുടെ ചികില്‍സ വെറ്റിലേറ്ററിന്‍റെ സഹായത്താലാണ്. കഴുത്തിലും മുഖത്തും ഗുരുതര പരുക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വെന്‍റിലേറ്ററില്‍ കഴിയുന്ന റുഷ്ദിന് കണ്ണിനും കരളിനും ഗുരുതപരുക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.
റുഷ്ദിക്ക് മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 8.30നാണ് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ (24) ആണു പിടിയിലായതെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.