വാഷിങ്ടൻ: യുക്രെയ്നുമേൽ അധിനിവേശം തുടരുന്ന റഷ്യയ്ക്കെതിരെ കൂടുതൽ നടപടിയുമായി യുഎസ്. വ്യാപാര മേഖലയിൽ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി നിരോധിക്കും.
റഷ്യൻ പാർലമെന്റ് അംഗങ്ങൾക്കും ബാങ്കിങ് ഉദ്യോഗസ്ഥർക്കും വിലക്കേർപ്പെടുത്തും. യുക്രെയ്നെതിരെ രാസായുധം പ്രയോഗിച്ചാൽ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. അതേ സമയം യുക്രെയ്നിലെ റഷ്യൻ അധിനിവേശം തടയാൻ യുഎസിന്റെ നേരിട്ടുള്ള ഇടപെടൽ ബൈഡൻ നിഷേധിച്ചു.നാറ്റോ സഖ്യത്തെ പിണക്കുന്ന അത്തരം നീക്കങ്ങൾ മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാകുമെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. യുക്രെയ്നിൽ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് ബൈഡൻ വ്യക്തമാക്കി. റഷ്യൻ ആക്രമണത്തിനെതിരെ നാറ്റോ ഇടപെടണമെന്ന് യുക്രെയ്ൻ ആവശ്യമുന്നയിക്കുന്നതിനിടെയാണ് ബൈഡൻ നിലപാടു വ്യക്തമാക്കിയത്.