കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ജോ ജോസഫിന്റെ വ്യാജ വിഡിയോ കേസിനു പിന്നിൽ താനാണെന്ന ഇ.പി ജയരാജന്റെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വാ തുറന്നാൽ അബദ്ധം മാത്രം പറയുന്ന ഇ.പി യു.ഡി.എഫിന്റെ ഐശ്വര്യം ആണെന്നും സതീശൻ പരിഹസിച്ചു. വ്യാജ വിഡിയോക്ക് പിന്നിൽ വി.ഡി സതീശനും ക്രൈം നന്ദകുമാറുമാണെന്നായിരുന്നു ജയരാജന്റെ ആരോപണം.
ക്രൈം നന്ദകുമാറുമായി ബന്ധമില്ലെന്നും മാധ്യമപ്രവർത്തകൻ എന്ന നിലയിൽ അറിയാമെന്നും സതീശൻ വ്യക്തമാക്കി. കേരള നിയമസഭയിൽ അനിത പുല്ലയിൽ എങ്ങനെ എത്തി എന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയും സതീശൻ വിമർശിച്ചു.”ഇനിയുള്ള ഭരണത്തിൽ അവതാരങ്ങൾ ഉണ്ടാവില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇപ്പോൾ ഷാജ് കിരണും ഉൾപ്പെടെ ദശാതവതാരം ആയി. ഇനിയും പല അവതാരങ്ങളും പുറത്തുവരാനുണ്ട്. പ്രതിപക്ഷ നേതാക്കളെ കൊല്ലുമെന്നാണ് ഭരണകക്ഷി നേതാക്കളുടെ ഭീഷണി. ഇതുകൊണ്ടൊന്നും സമരം അവസാനിക്കില്ലെന്നും വി.ഡി സതീശൻ അറിയിച്ചു.