തിരുവനന്തപുരം : രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കത്തയച്ചതിനെതിരെ ജോൺ ബ്രിട്ടാസ് എംപി. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും രക്ഷാപ്രവർത്തനത്തിന്റെ തുക പോലും പിടിച്ചു വാങ്ങുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എംപി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി തുടക്കത്തിൽ പറഞ്ഞതൊക്കെ പച്ചക്കള്ളമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ദുരന്തം സംബന്ധിച്ച വിവരം കൃത്യമായി നൽകിയിരുന്നു. പ്രളയകാലത്ത് നൽകിയ അരിയുടെ തുക പിടിച്ചു വാങ്ങി. ഒരു കച്ചവടമാക്കി മാറ്റുകയാണ് കേന്ദ്രമെന്ന് ജോൺ ബ്രിട്ടാസ് വിമർശിച്ചു. ബ്രിട്ടിഷ് ഭരണകാലത്ത് പോലും ഇത്തരത്തിൽ കാണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ജനത സേനാംഗങ്ങളെ ചേർത്ത് പിടിച്ച കാഴ്ചയാണ് കണ്ടത്. സൈന്യത്തിന്റെ സല്യൂട്ടിന് പോലും പൈസ വാങ്ങിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. രാഷ്ട്രീയ തീരുമാനം തന്നെയാണ് ഇതിന് പിന്നിലെന്നും കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അവകാശമാണ് ചോദിക്കുന്നതെന്നും എൻഡിആർഎഫ് ജനങ്ങളുടെ നികുതി ഫണ്ടെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കേരളത്തിന് അയച്ച കത്ത് പുറത്ത് ഇന്നലെ പുറത്തുവന്നിരുന്നു. എയർലിഫ്റ്റിന് ചെലവായ 132 കോടി തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം കത്തിൽ വ്യക്തമാക്കുന്നത്. 2019 മുതൽ 2024വരെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ചെലവായ തുക നൽകണമെന്നാണ് കത്ത്.