തിരുവനന്തപുരം : റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസില്‍ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എം.പി. വേടന്റെ കഴുത്തിലുള്ളത് പുലിപ്പല്ലല്ലേ, ആറ്റംബോംബ് ഒന്നുമല്ലല്ലോ എന്നായിരുന്നു വനംവകുപ്പിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ജോൺബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ കുറിച്ചത്. വേടൻ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും അദ്ദേഹം കുറിച്ചു. വേടന്റെ അമ്മ ശ്രീലങ്കൻ വംശജയാണെന്നും കേസ് ആ വഴിക്ക് നീങ്ങുമെന്നുമുള്ള വനംവകുപ്പിന്റെ നിലപാടിനെയും ജോൺ ബ്രിട്ടാസ് അതിരൂക്ഷമായി വിമർശിച്ചു. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണിതെന്നായിരുന്നു എംപിയുടെ പ്രതികരണം.