ന്യൂഡല്‍ഹി> നിമിഷപ്രിയയുടെ കുടുംബം യമന്‍ സന്ദര്‍ശിക്കുന്നതിന് അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തും നിന്നും കൈക്കൊണ്ട നടപടികള്‍ എന്താണെന്ന് വ്യക്തമാക്കുന്നതിന് പകരം നിമിഷപ്രിയയ്ക്ക് ജയിലില്‍ കോണ്‍സുലാര്‍ സൗകര്യങ്ങളും അഭിഭാഷകനെയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. അടുത്തിടെ യമന്‍ സുപ്രീം കോടതി നിമിഷപ്രിയയുടെ അപ്പീല്‍ തള്ളിയതിനാല്‍ അഭിഭാഷകന് കൂടുതലായി എന്തെങ്കിലും നിയമപരമായ നടപടികള്‍ക്ക് വലിയ സാധ്യതയില്ലെന്നും ഇനി ദിയാധനം നല്‍കിയോ അല്ലാതെയോ മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങളില്‍ നിന്നും മാപ്പ് ലഭിച്ചാല്‍ മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാകൂവെന്നും കേന്ദ്ര ഗവണ്മെന്റിന് തന്നെ ബോധ്യമുള്ളതാണ്.
ദിയാധനം നല്കി നിമിഷപ്രിയയെ മോചിപ്പിക്കുക എന്ന ആവശ്യവുമായി വിവിധ സംഘടനകളും മറ്റും രംഗത്തുള്ളപ്പോള്‍ വ്യക്തമായ ഒരു മറുപടി നല്‍കാതെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വരുന്നുണ്ട് എന്ന് ഒഴുക്കന്‍ മറുപടി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. മാത്രമല്ല നിമിഷ പ്രിയയുടെ കുടുംബാംഗങ്ങള്‍ക്ക് യമനില്‍ പോകുവാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ ഒരു ഉറപ്പും നല്കുവാനും കേന്ദ്രം തയ്യാറായില്ലെന്നും ബ്രിട്ടാസ് പറഞ്ഞു