ഇടുക്കി: ജോയിന്‍റ് ആര്‍ ടി ഒ ഓഫീസ് തല്ലിതകര്‍ത്ത സംഭവത്തില്‍ ഡ്രൈവിംങ്ങ് സ്‌കൂള്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുകണ്ടം ഡ്രൈവിംങ്ങ് സ്‌കൂള്‍ ഉടമയായ മംഗലശേരിയില്‍ ജയചന്ദ്രന്‍ (51) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഫിറ്റ്നസ് ടെസ്റ്റില്‍ ഒരു വാഹനത്തില്‍ അനധികൃതമായി ചില ഭാഗങ്ങള്‍ പിടിപ്പിച്ചതായി ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് അഴിച്ചുമാറ്റാന്‍ അധിക്യതര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഈ വിഷയവുമായി ബന്ധമില്ലാത്ത നെടുങ്കണ്ടത്തെ രണ്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ജോയിന്‍റ് ആര്‍ ടി ഒയുടെ ഓഫീസിലെത്തുകയും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഓഫീസ് കൗണ്ടറുകള്‍ തല്ലി തകര്‍ക്കുകയായിരുന്നെന്നാണ് ജോയിന്‍റ് ആര്‍ ടി ഒ ഓഫീസ് പറയുന്നത്.
സ്ത്രീ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഓഫീസിലുണ്ടായിരുന്നപ്പോഴാണ്, അസഭ്യം വര്‍ഷം മുഴക്കി, ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഈ സംഭവം സംബന്ധിച്ച്, ആര്‍ടിഓ ജീവനക്കാരില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് വിവരങ്ങള്‍ ശേഖരിച്ചു. സംഭവം സംബന്ധിച്ച് ഉന്നതതല ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കളക്ടര്‍ക്കും, റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നെടുങ്കണ്ടം ആര്‍ടിഓയുടെ പരാതിയില്‍ നെടുങ്കണ്ടം പോലിസ് കേസെടുക്കുകയും പിന്നാലെ നെടുങ്കണ്ടം എസ്എസ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായ ചന്ദ്രനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ വാഹനം ടെസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥനുമായി ചര്‍ച്ചകള്‍ നടത്തുക മാത്രമാണ് ചെയ്തതതെന്നും മറ്റ് ആക്രമണങ്ങളൊന്നും ഓഫീസില്‍ നടത്തിയില്ലെന്നുമാണ് പ്രതികള്‍ പറയുന്നത്.