കോട്ടയം: മണിമല വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ വീട്ടിൽ ജോസ് കെ മാണി എം പി എത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ജോസ് കെ മാണി മണിമലയിലെ ജിൻസിന്റെയും ജീസിന്റെയും വീട്ടിൽ എത്തിയത്. അരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ചാണ് ജോസ് കെ മാണി മടങ്ങിയത്.
കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നെന്ന് എംപി കുടുംബാംഗങ്ങളെ അറിയിച്ചു. കുടുംബത്തിന് എല്ലാവിധ പിന്തുണയും ജോസ് കെ മാണി അറിയിച്ചിട്ടുണ്ട്. മകൻ സഞ്ചരിച്ച കാർ ഇത്തരത്തിൽ അപകടം ഉണ്ടാക്കിയിട്ടും ജോസ് കെ മാണി ഇതുവരെ ആ കുടുംബത്തെ ബന്ധപ്പെട്ടിരുന്നില്ല. ഇത് പാർട്ടി പ്രവർത്തകരിൽ നിന്നും വിമർശനത്തിന് വഴിവെച്ചിരുന്നു. അതിനിടെയാണ് പ്രവർത്തകർക്കൊപ്പം വീട്ടിലെത്തിയത്. എല്ലാവിധ പിന്തുണയും എം പി വാഗ്ദാനം ചെയ്തുവെന്നാണ് അറിയുന്നത്.