തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസു(എം)മായി ഒരു തരത്തിലുമുള്ള ചര്‍ച്ച നടന്നിട്ടില്ലെന്നും ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത തെറ്റാണ്. ഇക്കാര്യത്തില്‍ ജോസ് പറഞ്ഞതാണ് ശരി. കേരളാ കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫില്‍ നില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ്. ജോസിന്റെ വിശ്വാസ്യതയെ എന്തിനാണ് ചോദ്യം ചെയ്യുന്നത്. അപ്പുറത്ത് നില്‍ക്കുന്ന ഒരാളുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള ഒരു പ്രചാരണവും ഞങ്ങള്‍ നടത്തില്ല. ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യം ഇപ്പോഴില്ല. ഏതെങ്കിലും പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരുടെ പിന്നാലെ നടന്ന് അവരെ യു.ഡി.എഫിലേക്കോ കോണ്‍ഗ്രസിലേക്കോ എത്തിക്കാന്‍ ശ്രമിക്കില്ല. സി.പി.എമ്മില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ തങ്ങള്‍ ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. സി.പി.എമ്മില്‍ ജീര്‍ണത ബാധിച്ചിരിക്കുകയാണ്. സി.പി.എമ്മില്‍ തകര്‍ച്ചയാണ് സംഭവിക്കുന്നത്.സി.പി.എമ്മില്‍ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തരപ്രശ്‌നമാണ്. അതില്‍ പ്രതികരിക്കുന്നത് അനൗചിത്യമാണ്. സി.പി.എമ്മിലെ അണികള്‍ സംതൃപ്തരല്ല. അവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.