ബെംഗളുരു : റോയിട്ടേഴ്സിലെ മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണത്തില്‍ അന്വേഷണം ഇഴയുന്നു. ഒളിവില്‍ പോയ ശ്രുതിയുടെ ഭര്‍ത്താവ് അനീഷിനെ ഇതുവരെയും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശ്രുതിയുടെ വീട്ടുകാരുടെ മൊഴിയെടുക്കാന്‍ പോലും ബെംഗളുരു പോലീസ് തയ്യാറായിട്ടില്ല. അനീഷ് കോറോത്തിന്‍റെ ഭര്‍തൃപീഡനമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു ശ്രുതിയുടെ കുടുംബത്തിന്‍റെ പരാതി. മുമ്പ് ശ്രുതിയെ കൊലപ്പെടുത്താന്‍ അനീഷ് ശ്രമിച്ചിരുന്നതായി ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ അടക്കം പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അനീഷ് എവിടെയാണെന്ന് കണ്ടെത്താന്‍ ബെംഗളുരു വൈറ്റ്ഫീല്‍ഡ് പോലീസിന് കഴിഞ്ഞിട്ടില്ല.
മാര്‍ച്ച് 22നാണ് വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുമ്പേ ഭര്‍ത്താവ് അനീഷ് കോറോത്ത് ബെംഗ്ലൂരുവില്‍ നിന്ന് പോയിരുന്നു. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷിന്‍റെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. അനീഷിന്‍റെ കണ്ണൂരിലെ വീട്ടിലെത്തി ബെംഗളുരു പോലീസ് അന്വേഷണം നടത്തിയെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. അനീഷിന്‍റെ അടുത്ത സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തിട്ടില്ല.
ശ്രുതിയെ അനീഷ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റത്തിനുള്ള 306, ഗാര്‍ഹിപീഡനത്തിനുള്ള 498A വകുപ്പുകളിലാണ് അനീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്. കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിനെ സമീപിക്കാനാണ് ശ്രുതിയുടെ കുടുംബത്തിന്‍റെ തീരുമാനം.