ന്യൂഡൽഹി: വിമാനത്താവളങ്ങളിലും വിമാനത്തിലും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) ഡൽഹി ഹൈകോടതി നിർദേശം നൽകി. വിമാനത്താവളങ്ങളിലും വിമാനത്തിലും മാസ്ക് ധരിക്കാതെയും മറ്റും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സംഭവത്തിൽ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സംഗി അധ്യക്ഷനായ ബെഞ്ച് നടപടി സ്വീകരിക്കാൻ ഡി.ജി.സി.എക്ക് നിർദേശം നൽകിയത്.
ജസ്റ്റിസ് ഹരിശങ്കറാണ് കഴിഞ്ഞ വർഷം മാർച്ചിൽ കേസ് സ്വമേധയ രജിസ്റ്റർ ചെയ്തത്. കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ മാസ്ക് ധരിക്കാൻ യാത്രികർ വിസമ്മതിക്കുന്നതും മറ്റു കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതും നേരിൽ കണ്ട പശ്ചാത്തലത്തിലാണ് അദ്ദേഹം കേസ് രജിസ്റ്റർ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വിമാനകമ്പനികൾക്കും മറ്റും നിലവിൽ നിർദേശം നൽകിയിട്ടുണ്ടെന്ന് ഡി.ജി.സി.എ കോടതിയെ അറിയിച്ചു.