വയനാട്ടിലെ തന്റെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിൽ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച് നടൻ ജോയ് മാത്യു(Joy Mathew).’പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100′, എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.
ജോയ് മാത്യുവിന്റെ വാക്കുകളെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. “സ്വന്തം പിതാവിന്റെ ഘാതകരോട് വരെ പൊറുത്തവരാണ്, പിന്നെയല്ലെ ഇവർ, ഇന്ദിരാജിയുടെ കൊച്ചു മോനല്ലേ … അവർക്കിങ്ങിനെയല്ലേ പറ്റൂ ..അയാൾ രാജകുമാരനാണ്.. കാപട്യങ്ങൾ ഇല്ലാത്ത യഥാർത്ഥ നായകൻ”, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകൾ.
അക്രമം നടത്തിയത് കുട്ടികളാണ്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ തനിക്ക് അവരോട് പരിഭവവും ദേഷ്യവുമില്ലെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവർ തിരിച്ചറിയണമെന്നും രാഹുൽഗാന്ധി പറഞ്ഞു. കൽപറ്റയിൽ എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച ഓഫീസ് സന്ദർശിച്ച ശേഷമായിരുന്നു രാഹുൽഗാന്ധിയുടെ പ്രതികരണം.
കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾ എസ് എഫ് ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.