94-ാമത് ഓസ്കറിൽ നടൻ വിൽ സ്മിത് അവതാരകനെ സ്റ്റേജിൽ കയറി മുഖത്തടിച്ചതിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. വിൽ സ്മിത്തിന്റെയും ഭാര്യ ജാദ പിങ്കെറ്റിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ജൂഡിന്റെ പോസ്റ്റ്. അമ്മ, പെങ്ങൾ, ഭാര്യ, മകൾ എന്നിവരെ അപമാനിച്ചാൽ അപ്പോൾ തന്നെ അടി കൊടുക്കണമെന്നും ഭാര്യയുടെ യഥാർത്ഥ താരമാണ് വിൽ സ്മിത്തെന്നും ജുഡ് കുറിക്കുന്നു.
‘Real star with his wife . അമ്മയെ , പെങ്ങളെ , ഭാര്യയെ ,മകളെ അപമാനിച്ചവനെ ആദ്യം സ്പോട്ടിൽ കൊടുക്കുക, നിങ്ങളുടെ മുൻപിൽ വച്ചാണെകിൽ കൊടുത്തില്ലേൽ നിങ്ങൾ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാൻ കൊള്ളാം’, എന്നായിരുന്നു ജുഡ് ഫേസ്ബുക്കിൽ കുറിച്ചത്.
ഭാര്യയെക്കുറിച്ചുള്ള അവതാരകന്റെ പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒടുവിൽ മികച്ച നടനുള്ള അവാർഡ് സ്വീകരിച്ചു കൊണ്ട് സംഭവത്തിൽ സ്മിത് മാപ്പു പറയുകയും ചെയ്തു. ”അക്കാദമിയോട് മാപ്പ് പറയുകയാണ്. എന്റെ എല്ലാ നോമിനികളോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, ഒരു അവാര്‍ഡ് നേടിയതിലല്ല ഞാന്‍ കരയുന്നത്. ജനങ്ങളുടെ മേല്‍ വെളിച്ചമായി തിളങ്ങാനും വെളിച്ചം പകരാനും സാധിച്ചതിനാലാണ് കണ്ണുകൾ നിറയുന്നത്. കിംഗ് റിച്ചാര്‍ഡിന്റെ എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂവിനും വില്യംസ് കുടുംബത്തിനും നന്ദി. സ്നേഹം ചിലപ്പോൾ നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. ഞാന്‍ ഓസ്‌കാര്‍ അക്കാദമിയോടും എല്ലാ സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു. അക്കാദമി ഇനിയും എന്നെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നന്ദി,” വില്‍ സ്മിത് പറഞ്ഞിരുന്നു. ശേഷം സോഷ്യൽ മീഡിയ വഴിയും അവതാരകനായ ക്രിസ് റോക്കിനോട് സ്മിത് മാപ്പ് ചോദിച്ചിരുന്നു.