റിയാദ്: സൗദി അറേബ്യയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ജഡ്‍ജി അറസ്റ്റില്‍. രാജ്യത്തെ അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷണല്‍ ആന്റി കറപ്ഷന്‍ കമ്മീഷന്‍ (നസഹ) ആണ് മദീന ഏരിയയിലെ അപ്പീല്‍ കോടതി ജഡ്‍ജിയെ അറസ്റ്റ് ചെയ്‍തത്. അനുകൂല വിധി നല്‍കുന്നതിനായി ജഡ്‍ജി കൈക്കൂലി സ്വീകരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
ജഡ്ജി ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് അല്‍ ജുഹാനിയാണ് പിടിയിലായത്. 40 ലക്ഷം റിയാലാണ് അനുകൂല വിധി നല്‍കുന്നതിന് അദ്ദേഹത്തിന് ഒരു സൗദി പൗരന്‍ വാഗ്ദാനം ചെയ്‍തതെന്നും ഇതിന്റെ ആദ്യ ഗഡുവായി അഞ്ച് ലക്ഷം റിയാല്‍ വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ് എന്നും പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഴിമതി തുടച്ചുനീക്കുന്നതിനായി അഴിമതി വിരുദ്ധ അതോറിറ്റി നടത്തിവരുന്ന സന്ധിയില്ലാത്ത നടപടികളുമായി ഭാഗമായിരുന്നു അറസ്റ്റെന്നും അധികൃതര്‍ വിശദീകരിച്ചു.
ഔദ്യോഗിക പദവികള്‍ ഉപയോഗിച്ച് സ്വയം നേട്ടമുണ്ടാക്കുന്നവരെയും പൊതുതാത്പര്യങ്ങള്‍ അതിനായി ബലികഴിക്കുന്നവരെയും വെറുതെ വിടില്ലെന്ന് അതോറിറ്റി അറിയിച്ചു. പിടിയിലായ ജഡ്ജിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. രാജ്യത്തെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 2011ലാണ് നസാഹ എന്ന സംവിധാനത്തിന് സൗദി ഭരണകൂടം രൂപം നല്‍കിയത്.