പലപ്പോഴും നമ്മളെല്ലാവരും ഇന്ന് സോഷ്യൽ മീഡിയയ്‍ക്ക് അടിമകളാണ് എന്ന് പറയേണ്ടി വരും. ബോറടിക്കുമ്പോഴും അല്ലാത്തപ്പോഴും ഒക്കെ നാമെല്ലാവരും ഫേസ്ബുക്കും ഇൻസ്റ്റയും ട്വിറ്ററും എല്ലാം സ്ക്രോൾ ചെയ്ത് കൊണ്ടേ ഇരിക്കാറുണ്ട്. എന്നാൽ, നമ്മൾ നമ്മുടെ ജോലി ചെയ്ത് കൊണ്ടിരിക്കുകയാണ് എങ്കിൽ അതാണ് പ്രധാനം. പ്രത്യേകിച്ചും നമ്മൾ ചെയ്യുന്നത് വളരെ ഉത്തരവാദിത്തമുള്ള ജോലിയാണ് എങ്കിൽ. അങ്ങനെ ചെയ്യാത്ത ഒരു സ്ത്രീയുടെ വാർത്തയാണ് ഇപ്പോൾ ആളുകളെ രോഷം കൊള്ളിക്കുന്നത്. അവർ ഒരു ജഡ്ജിയാണ് എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ജഡ്ജി തന്റെ ജോലിക്കിടെ ഫേസ്ബുക്ക് സ്ക്രോൾ ചെയ്യുന്നതായാണ് പുറത്ത് വന്ന വാർത്ത. എന്നാൽ, അതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം അതൊന്നും അല്ല. വെറും രണ്ട് വയസായ ഒരു കുഞ്ഞിന്റെ കൊലപാതകത്തിന്റെ വിചാരണയാണ് ആ സമയത്ത് കോടതിയിൽ നടന്നു കൊണ്ടിരുന്നത്. ഒക്ലഹോമയിലെ ലിങ്കൺ കൗണ്ടിയിൽ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജില്ലാ ജഡ്ജി ട്രാസി സോഡർസ്ട്രോമിന്റെ നിരുത്തരവാദപരമായ പെരുമാറ്റമാണ് വീഡിയോയിൽ പതിഞ്ഞിരിക്കുന്നത്. വിചാരണയിൽ ഒട്ടും ശ്രദ്ധയില്ലാതെ ഇടയ്ക്കിടയ്ക്ക് ഫോണിൽ നിന്നും ശബ്ദം വരുമ്പോൾ അത് ശ്രദ്ധിച്ചും മെസേജിന് മറുപടി കൊടുത്തും എന്തിന് ഫേസ്ബുക്ക് വരെ സ്ക്രോൾ ചെയ്തുമാണ് ജഡ്ജി കോടതിയിൽ ഇരിക്കുന്നത് എന്നാണ് ആരോപണം. ജഡ്ജിയുടെ ആദ്യത്തെ കേസാണ് ഇത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരാൾ തന്റെ കാമുകിയുടെ രണ്ട് വയസുള്ള കുഞ്ഞിനെ മാരകമായി മർദ്ദിക്കുകയായിരുന്നു. അത് കുഞ്ഞിന്റെ മരണത്തിലേക്കും നയിച്ചു. കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ജഡ്ജി ഫേസ്ബുക്ക് നോക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേ സമയത്ത് തന്നെ അവിടെയിരിക്കുന്ന മറ്റെല്ലാവരോടും കേസിന്റെ വിചാരണയിൽ ശ്രദ്ധിക്കാൻ ഫോൺ അടക്കം എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്ത് വയ്ക്കാനും ഇതേ ജഡ്ജി പറഞ്ഞു എന്നതാണ് വൈരുദ്ധ്യം.
കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ സംഭവത്തെ കുറിച്ച് പറഞ്ഞത് പെരുമാറ്റച്ചട്ടത്തിൽ ഫോണിനെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നിരുന്നാലും ജനങ്ങളുടെ വിശ്വാസം നേടുന്നതിനായി ജഡ്ജിമാർ സ്വയമേവ പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട് എന്നാണ്. വലിയ രോഷമാണ് വീഡിയോ കണ്ട ആളുകളുടെ ഭാഗത്തുനിന്നുമുണ്ടായത്. അങ്ങേയറ്റം വൈകാരികമായ ഒരു കേസിന്റെ വിചാരണയ്ക്കിടെ എങ്ങനെയാണ് ഒരു ജഡ്ജിക്ക് ഇത് ചെയ്യാൻ സാധിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.