ന്യൂഡല്‍ഹി> കഴിഞ്ഞ ആറുവര്‍ഷം രാജ്യത്തെ ഹൈക്കോടതികളില്‍ നടന്ന ജഡ്ജിമാരുടെ നിയമനങ്ങളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി, മൈനോറിറ്റി വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം. രാജ്യത്തെ വിവിധ കോടതികളിലെ നിയമനത്തിന്റെ കാറ്റഗറി തിരിച്ചുള്ള കണക്കുകള്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്രം ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 650 ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തിയപ്പോള്‍ അതില്‍ 492 പേരും (75.7%) ജനറല്‍ വിഭാഗത്തില്‍ നിന്നായിരുന്നു. എന്നാല്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും 23 പേര്‍ (3.54%), പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 10 പേര്‍ (1.54%), ഒബിസി വിഭാഗത്തില്‍ നിന്ന് 76 പേര്‍ (11.70%), ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും 36 പേര്‍ (5.54%) എന്നീ രീതിയില്‍ വളരെ കുറഞ്ഞ പ്രാതിനിധ്യം മാത്രം നല്‍കിയാണ് കഴിയുന്ന ആറു വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ ഹൈക്കോടതികളില്‍ നിയമനം നടത്തിയിട്ടുള്ളത്.
13 പേരുടെ കാറ്റഗറി തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് കേന്ദ്രം പറയുന്നത്. സുപ്രീംകോടതി ജഡ്ജിമാരുടെ കാറ്റഗറി തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ല എന്നും ഗവണ്‍മെന്റ് ജോണ്‍ ബ്രിട്ടാസ് എംപിയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.വനിതാ ജഡ്ജിമാരുടെ പ്രാതിനിധ്യം നോക്കുകയാണെങ്കില്‍, 02.12.2023 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെയുള്ള വനിതാ ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 111 മാത്രമാണ്. ഇത് നിലവിലുള്ള 790 ഹൈക്കോടതി ജഡ്ജിമാരുടെ 14.1% മാത്രമാണ് എന്നതാണ് വസ്തുത. സുപ്രീം കോടതിയില്‍ വെറും 3 പേര്‍ വനിതാ ജഡ്ജിമാര്‍ മാത്രമാണുള്ളത്.
ഉന്നത നീതിന്യായ രംഗത്ത് നിലനില്‍ക്കുന്ന അസമത്വത്തിന്റെ മകുടോദാഹരണമാണ് ഇതെന്നും വനിത, പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ട സത്വര നടപടികള്‍ സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും കൊളീജീയങ്ങളും ഗവണ്‍മെന്റും കൈക്കൊള്ളണമെന്നും എംപി ആവശ്യപ്പെട്ടു.