അമരാവതി : ജഡ്ജിമാർ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ജഡ്ജിനിയമനത്തിൽ ജുഡീഷ്യറി ഒരു കക്ഷിമാത്രമാണെന്നും വിജയവാഡയിലെ ശ്രീ ലാവു വെങ്കടവർലു എൻഡോവ്മെന്റ് പ്രഭാഷണത്തിൽ ഇന്ത്യൻ ജുഡീഷ്യറിയുടെ ഭാവി വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസാരിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാർ തന്നെയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് ഈയിടെയായി ഫാഷനായി മാറിയിരിക്കുകയാണ്. എന്നാലിത് പരക്കേ പ്രചരിക്കുന്ന ഒരു കെട്ടുകഥയാണ്. കഴിഞ്ഞദിവസം ജോൺ ബ്രിട്ടാസ് എം.പി. പാർലമെന്റിൽ ഹൈക്കോടതി ആൻഡ് സുപ്രീംകോടതി ജഡ്ജി ഭേദഗതി ബിൽ അവതരിപ്പിച്ചുകൊണ്ട് ഇത്തരത്തിൽ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. നിയമമന്ത്രാലയം, സംസ്ഥാന സർക്കാർ, ഗവർണർ, ഹൈക്കോടതി കൊളീജിയം, രഹസ്യാന്വേഷണ വിഭാഗം, എക്സിക്യുട്ടീവ് ഇങ്ങനെ ഒട്ടേറെ പേർ ചേർന്ന് കൈക്കൊള്ളുന്ന തീരുമാനമാണ് ജഡ്ജി നിയമനമെന്നും ജസ്റ്റിസ് രമണ കൂട്ടിച്ചേർത്തു.
ജഡ്ജിമാർക്കുനേരെയുള്ള ശാരീരിക ആക്രമണങ്ങളും അടുത്തിടെയായി വർധിക്കുന്നുണ്ട്. ചിലർക്ക് അനുകൂലമായി വിധിപ്രഖ്യാപനം വന്നില്ലെങ്കിൽ ജഡ്ജിമാർക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ ആസൂത്രിതമായി പ്രചാരണങ്ങളും നടക്കുന്നു. ജഡ്ജിമാർക്ക് ധൈര്യപൂർവം പ്രവർത്തിക്കാനുള്ള സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. നവമാധ്യങ്ങൾക്ക് അനന്തസാധ്യതകളുണ്ട്. എന്നാൽ തെറ്റും ശരിയും സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള കഴിവ് അവയ്ക്കില്ല. അവയുടെ അടിസ്ഥാനത്തിലാകരുത് കേസുകൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.