തൃശൂർ: ബാങ്ക് വായ്പ തീർത്തുതരാമെന്ന വ്യാജേന ഏക്കറും 49 സെന്‍റും തട്ടിയെടുത്തെന്ന് പരാതി. പാലക്കാട് റിട്ട. അഡീഷനൽ ജഡ്ജി പരേതനായ കെ.കെ. ചന്ദ്രദാസിന്‍റെ ഭാര്യ പി.വി. സത്യവതിയാണ് പരാതിക്കാരി. ചാവക്കാട്, ബ്ലാങ്ങാട്ടുള്ള സ്ഥലമാണ് തട്ടിയെടുത്തതെന്ന് അവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാനെന്ന വ്യാജേന ആധാരവും മറ്റു രേഖകളും കൈക്കലാക്കി. അധിക തുക നാലര കോടി രൂപ വായ്പ ബാധ്യത തീർത്തതിനു ശേഷം നൽകാമെന്നുമുള്ള കരാറിൽ സ്വത്തുക്കൾ അയ്യന്തോൾ സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്‌റ്റർ ചെയ്ത് കൈക്കലാക്കുകയായിരുന്നെന്ന് സത്യവതി പറഞ്ഞു.
കാട്ടൂരിലും കണിമംഗലത്തും ബ്ലാങ്ങാടുമുള്ള മൂന്ന് പേർക്കും ഒരു ബന്ധുവിനും എതിരെയാണ് സത്യവതിയുടെ ആരോപണം. ബാക്കി തുക ആവശ്യപ്പെട്ട തന്നെയും മകനെയും ഇവർ ഭീഷണിപ്പെടുത്തിയതായും സത്യവതി പറഞ്ഞു. ഒല്ലൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ വി.കെ. മോഹനൻ, പി.വി. ജയപ്രകാശ്, സുബിൻ ദാസ്, പി.വി. സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.