കൊല്ലം : കെ.എസ്.ആർ.ടി.സി. കണ്ടക്ടർ ഡോമി ബിയർലിയെ സംശയത്തിന്റെ പേരിൽ ഭർത്താവ് ബാബു വല്ലരിയാൻ കൊലപ്പെടുത്തിയ കേസിൽ വിധി തിങ്കളാഴ്ച. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.വി.ജയകുമാറാണ് വിധി പറയുന്നത്. 2016 ഓഗസ്റ്റ് 18-നായിരുന്നു ഡോമി ബിയർലിയുടെ കൊലപാതകം. രാത്രി 1.30-ന് ജോലി കഴിഞ്ഞെത്തിയ ഡോമി ബിയർലിയെ ബസ് സ്റ്റേഷനിൽനിന്ന് ബാബു വല്ലരിയാൻ കോയിവിളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഉറങ്ങിക്കിടക്കവേ കത്തികൊണ്ട് കഴുത്തു ലക്ഷ്യമാക്കി കുത്തി. ഉണർന്ന ഡോമി പ്രാണരക്ഷാർഥം കുളിമുറിയിലേക്ക് ഓടിക്കയറുകയും പിന്നാലെയെത്തിയ പ്രതി കഴുത്തിന് മാരകമായി കുത്തുകയുമായിരുന്നു.
തുടർന്ന് ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പോലീസ് ആശുപത്രിയിലെത്തിച്ചു.
സംഭവത്തിന് ആറുമാസംമുൻപ് പ്രതി ഡോമിയുടെ കൈയും കാലും അടിച്ചൊടിച്ചിരുന്നു. ഈ സംഭവത്തിൽ തെക്കുംഭാഗം പോലീസിന് നൽകിയ കേസ് പിൻവലിക്കാത്തതും വിരോധത്തിനിടയാക്കിയതായി പോലീസ് പറഞ്ഞു. സാഹചര്യത്തെളിവുകളെ ആശ്രയിച്ച പ്രോസിക്യൂഷൻ 30 സാക്ഷികളെയും 33 രേഖകളും 44 തൊണ്ടിമുതലുകളും ഹാജരാക്കി.