ലക്നൌ: അതീഖ് അഹമ്മദിന്‍റെ മകന്‍ അസദും സഹായി ഗുലമും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേസിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വിരമിച്ച ഹൈക്കോടതി ജഡ്ജി ആര്‍.എല്‍.മെഹ്‌റോത്രയുടെ നേതൃത്വത്തില്‍ രണ്ടംഗ കമ്മിഷനാകും അന്വേഷിക്കുക. ഈ മാസം 13നാണ് ആസാദിനെയും ഗുലാമിനെയും ഝാന്‍സിയില്‍വച്ച് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
യുപി എസ്ടിഎഫുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒളിവിൽ കഴിയുകയായിരുന്ന അസദ് അഹമ്മദ് കൊല്ലപ്പട്ടത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അസദിനെ ജീവനോടേ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് യുപി എസ് ടി എ ഫ് പറഞ്ഞു. അസദിൽ നിന്ന് വിദേശ നിർമ്മിത തോക്കുകളും പിടികൂടിയിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കിയത്.
അസദിന്‍റെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് അതീഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടത്. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പൊലീസ് സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. അതിനിടെ അതീഖിന്‍റെ പ്രയാഗ്‌രാജിലെ ഓഫിസില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തി. ഓഫിസിനകത്ത് നിന്ന് ഒരു കത്തി പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. അതീഖിനെയും സഹോദരൻ അഷ്റഫിനെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരിയാണ് കോടതിയെ സമീപിച്ചിരുന്നത്.