ന്യൂഡല്‍ഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ സുപ്രീംകോടതിയുടെ 50-മത് ചീഫ് ജസ്റ്റിസായി നിയമിച്ചു.അടുത്തമാസം ഒന്‍പതിന് ചുമതലയേല്‍ക്കും. നിയമനത്തിന് രാഷ്ട്രപതിയുടെ ഉത്തരവായി.
അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ, 2016 മേയ് 13നാണ് ഡിവൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായത്. നിലവില്‍ യു യു ലളിത് കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ്. അയോധ്യ കേസ്, സ്വകാര്യതയ്ക്കുള്ള അവകാശം, ആധാറിന്റെ സാധുത, ശബരിമല സ്ത്രീപ്രവേശം അടക്കമുള്ള കേസുകള്‍ കൈകാര്യം ചെയ്ത ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. 2000 മാര്‍ച്ച് 29 മുതല്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. അതിനു മുന്‍പ് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരുന്നു.
ചീഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന് 2 വര്‍ഷം ലഭിക്കും. 2024 നവംബര്‍ 10നാണു വിരമിക്കുക. ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ഡി വൈ ചന്ദ്രചൂഡ്. 1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലൈ 11 വരെ വൈ വി ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്നു.