മുംബൈ: ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് രോഹിത് ബി. ഡിയോ തുറന്ന കോടതിയിൽ രാജി പ്രഖ്യാപിച്ചു. ഹൈകോടതിയിലെ നാഗ്പൂർ ബെഞ്ചിലായിരുന്നു ഡിയോ. ബെഞ്ച് ഇന്ന് ലിസ്റ്റ് ചെയ്തിരുന്ന കേസുകളിൽ നിന്നും ഡിയോ പിൻവാങ്ങിയിട്ടുണ്ട്.തുറന്ന കോടതിയിൽ രാജിക്കാര്യം അറിയിച്ച ശേഷം ആരോടും വിരോധം പുലർത്തുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുതരണമെന്നും ഡിയോ പറഞ്ഞു. അഭിഭാഷകർ എല്ലാവരും നന്നായി ജോലി ചെയ്യണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളതെന്നും ഏതെങ്കിലും അവസരത്തിൽ ആരോടെങ്കിലും കർക്കശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഡൽഹി യൂനിവേഴ്സിറ്റി പ്രഫ. ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കിയ കേസിലും സമൃദ്ധി എക്സ്പ്രസ് വേ അപകടത്തിൽ കോൺട്രാക്റ്റർമാർക്കെതിരെ കേസെടുത്ത വിധിയിലുമാണ് സമീപകാലത്ത് ജസ്റ്റിസ് ഡിയോ വിധി പറഞ്ഞത്. 2017 ജൂൺ അഞ്ചിനാണ് ഇദ്ദേഹത്തെ ബോംബെ ഹൈകോടതിയിലെ അഡിഷണൽ ജഡ്ജിയായി നിയമിച്ചത്. 2019 ഏപ്രിലിൽ സ്ഥിരം ജഡ്ജിയായി. 2025 ഡിസംബർ നാലിനാണ് അദ്ദേഹം വിരമിക്കേണ്ടത്.