വടകര: 2016 നിയമസഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ പെൺകുട്ടിയോട് അസഭ്യം പറഞ്ഞെന്ന പരാതിയിൽ തെളിവില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയതോടെ സിപിഎം നേതൃത്വത്തിനെതിരെയും കൈരളി ടിവിക്കെതിരെയും വിമർശനവുമായി കെ കെ രമ എംഎൽഎ. രമക്കെതിരെ തെളിവില്ലെന്ന് പോലീസ് വടകര കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. രമയുടെതെന്ന പേരിൽ പ്രചരിച്ച വീഡിയോയുടെ ആധികാരികതയാണ് തെളിയിക്കാൻ സാധിക്കാതിരുന്നത്. മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ തെളിവോടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ച വേദനയും നിസ്സഹായതയും തീർച്ചയായും വിവരണാതീതമായിരുന്നുവെന്ന് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം സൈബർ സെല്ലുകൾ സാമൂഹിക മാധ്യമങ്ങളിലാകെ ക്രൂരമായ ആ നുണപ്രചരണം അക്ഷരാർത്ഥത്തിൽ കൊണ്ടാടുക തന്നെ ചെയ്തു. മുഴുദിന ചാനൽ ചർച്ചയിൽ എളമരം കരീം, പി സതിദേവി തുടങ്ങിയ ഉന്നത സിപിഎം നേതാക്കൾ ‘രമയുടെയും സംഘത്തിന്റെയും അഴിഞ്ഞാട്ടത്തെപ്പറ്റി’ കണ്ടകാര്യങ്ങൾ പറയുന്നതു പോലെ വാചാലരായത് നാം കണ്ടു. ഇപ്പോൾ പരാതിയിൽ തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ പൊതുസമൂഹത്തോട് ഇനിയെങ്കിലും മാപ്പുപറയാൻ സിപിഎം തയ്യാറാവുമോയെന്നും കെ കെ രമ ചോദിച്ചു.