തിരുവനന്തപുരം : സിപിഐഎം നേതാവ് കെ കെ ശൈലജ സിപിഐഎം പോളിറ്റ് ബ്യൂറോയിൽ എത്തിയേക്കും. കേരളത്തിൽ നിന്ന് പരിഗണിക്കുന്നവരുടെ പട്ടികയിൽ പ്രഥമ പരിഗണന കെ കെ ശൈലജയ്ക്കാണ് എന്നാണ് പുറത്തുവരുന്ന സൂചന. പിബിയിലെ വനിതാ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതാണ് ശൈലജയ്ക്ക് അനുകൂലമായ ഘടകം എന്നാണ് കരുതുന്നത്. കെ രാധാക്യഷ്ണൻ എം പി, തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവരുടെ പേരുകളും പരിഗണന പട്ടികയിലുണ്ട്. കേരളത്തിൽ നിന്നുള്ള മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബിയുടെ പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്.
സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. മൂന്ന് ടേം പൂർത്തിയായതിനാൽ മാറി നിൽക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐഎം പാർട്ടി കോൺഗ്രസിന് നാളെയാണ് മധുരയിൽ കൊടിയുയരുന്നത്. മധുരയിലെ തമുക്കം കൺവെൻഷൻ സെന്ററിലെ സീതാറാം യെച്ചൂരി നഗറിലാണ് നാല് ദിവസത്തെ പാർട്ടി കോൺഗ്രസ്. കേരളത്തിലെ അധികാരം നിലനിർത്തുന്നതിനൊപ്പം ദേശീയ പാർട്ടി സംഘടനാപരമായി കൂടുതൽ ശക്തിപ്പെടുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളാകും പാർട്ടി കോൺഗ്രസിൽ ഉണ്ടാവുക. പാർട്ടി ദേശീയ കോർഡിനേറ്റർ പ്രകാശ് കാരാട്ടാണ് നാളെ സമ്മേളനം ഉദ്ഘാടനം ചെയ്യുക.