തിരുവനന്തപുരം: പാലക്കാട് ഒലവക്കോട് പാതിരിനഗറിൽ വൈദ്യുതി ലൈൻ തകരാര്‍ പരിഹരിക്കാൻ പോയ കെഎസ്ബിഇ ജീവിനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ജനങ്ങളെ സഹായിക്കാൻ പോയവരെ ഈ രീതിയിൽ അക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ ഒലവക്കോട് സെക്ഷനിലെ ഓവർസീയർ എം പി കണ്ണദാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി.
പ്രദേശത്ത് ഇന്നലെ കവുങ്ങ് വീണു വൈദ്യുതി മുടങ്ങിയിരുന്നു. ഇത് പരിഹരിക്കാൻ ആണ് കെഎസ്ഇബി ജീവനക്കാർ എത്തിയത്. കവുങ്ങ് വെട്ടിമാറ്റാൻ നോക്കിയപ്പോൾ മുൻ പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം വീടിന്റെ മതിലിലേക്ക് കവുങ്ങ് വീഴരുത് എന്ന് പറഞ്ഞു. ഇതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടായിരുന്നതായി അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കവുങ്ങ് വെട്ടാതെ മടങ്ങി. ഇതിനിടെ വിവരം അറിഞ്ഞെത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ തങ്കച്ചന്റെ മകൻ ഓവർസീയറെ മർദിച്ചു എന്നാണ് പരാതി. ഹേമംബിക പൊലീസിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പരാതി നൽകിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കണ്ണദാസൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ തങ്കച്ചനും മകനും കൂട്ടുകാരുമാണ് മർദിച്ചതെന്ന് കണ്ണദാസൻ പറഞ്ഞു. കണ്ണദാസന്‍റെ പരാതിയിൽ ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെ പരിശോധന നടത്തി. പൊലീസുകാർ തന്നെ ഇടപെട്ട് കവുങ്ങ് മുറിച്ചുമാറ്റുകയും വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.