തിരുവനന്തപുരം: ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സിപിഐഎമ്മില്‍ നിന്നും ജെഡിഎസ് സംസ്ഥാന ഘടകത്തിന് അന്ത്യശാസനം ലഭിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ജെഡിഎസ് നേതാവും മന്ത്രിയുമായി കെ കൃഷ്ണന്‍കുട്ടി. ബിജെപിയുമായി തങ്ങള്‍ ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ വിഷയം ഒക്ടോബര്‍ ഏഴിന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അന്ത്യശാസനം നല്കാന് ഇത് പട്ടാളമല്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
ആശയപരമായി തങ്ങള്‍ക്ക് ബിജെപിയുമായി യോജിക്കാന്‍ സാധിക്കില്ലെന്നും ഇടതുമുന്നണിയില്‍ ഉറച്ചുനില്ക്കുമെന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്. ദേശീയ നേതൃത്വം എന്‍ഡിഎയ്ക്ക് ഒപ്പവും കേരള ഘടകം ഇടത് മുന്നണിയ്ക്കൊപ്പവും നില്ക്കുന്ന സംഘടനാപ്രശ്നം ഏഴാം തിയതി നടക്കുന്ന യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.