തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ വിധി ഈ മാസം 19ന്. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതിയാണ് വാദം പൂര്‍ത്തിയാക്കിയത്. വഫയാണ്, ശ്രീറാമിന് വാഹനം നൽകി ഓടിക്കാൻ പ്രേരിപ്പിച്ചത് എന്നാണ് പ്രോസിക്യൂഷൻ വാദം. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.
എന്നാൽ കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രേഖകളിലോ പൊലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു. വിടുതൽ ഹർജി സമർപ്പിക്കുമെന്ന് ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനും വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്.
കെ എം ബഷീറിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വരുമോ? ഇടപെട്ട് ഹൈക്കോടതി, പൊലീസിനോട് വിശദീകരണം തേടി
ബഷീറിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു. സിബിഐ അടക്കമുള്ള എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി ഓണാവധി കഴിഞ്ഞ് കോടതി പരിഗണിക്കാനിരിക്കുകയാണ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്മാൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷനും പൊലീസും പ്രതിയെ സഹായിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. അപകട ദിവസം കെ.എം ബഷീറിന്‍റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ദുരൂഹമാണ്. ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹർജിയിലുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിലുണ്ട്.
2019 ആഗസറ്റ് 3 നാണ് കെ എം ബഷീർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെടുന്നത്. കേസിൽ മ്യൂസിയം പൊലീസ് അന്വേഷണം പൂർത്തിയാക്കി തിരുവന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടക്കുന്നതിനിടെ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരുന്നു.സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരുടെ സംഘടനയും നിയമനത്തിന് എതിരെ കടുത്ത നിലപാടെടുത്തു. നിയമനത്തിൽ തെറ്റില്ലെന്നും പുനപരിശോധിക്കില്ലെന്നും ആദ്യഘട്ടത്തിൽ സര്‍ക്കാര്‍ ഉറച്ച് നിന്നെങ്കിലും പ്രതിഷേധം കടുത്തതോടെ പിൻവാങ്ങേണ്ടി വന്നു. തുടര്‍ന്ന് ആലപ്പുഴയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി സപ്ലൈകോ ജനറൽ മാനേജരായി നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു.