തൃശൂർ > ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങി മൂന്നാം സ്ഥാനത്ത് എത്തിയതിനുപിന്നാലെ നേതാക്കൾക്കെതിരെയടക്കം പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. തനിക്കുവേണ്ടി നേതാക്കളൊന്നും തൃശൂരിൽ പ്രചരണത്തിനെത്തിയില്ലെന്നും തൃശൂരില് മത്സരിക്കാൻ പറഞ്ഞ നേതാക്കളുടെ തീരുമാനത്തിനൊത്ത് നിന്നുകൊടുക്കേണ്ടിയിരുന്നില്ല എന്നുമാണ് മുരളീധരൻ പറഞ്ഞത്. വടകരയിൽ തന്നെയായിരുന്നുവെങ്കിൽ താൻ ജയിച്ചേനെ. ഇനി മത്സര രംഗത്തേക്കില്ലെന്നും പൊതുരംഗത്തുനിന്ന് താൽക്കാലികമായി വീട്ടുനിൽക്കുകയാണെന്നും മുരളീധരൻ പ്രതികരിച്ചു. വടകരയിൽ നിന്ന് മാറ്റി തൃശൂർ നിർത്തിയതിലും തനിക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നതിലുമുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടായിരുന്നു മുരളീധരന്റെ പ്രതികരണം.
ഇനി ഒരു മത്സരത്തിനില്ല. സുരേഷ് ഗോപിക്ക് വേണ്ടി മൂന്ന് തവണ പ്രധാനമന്ത്രി തൃശൂരിൽ വന്നു. വി എസ് സുനിൽകുമാറിനു വേണ്ടി പിണറായി വിജയൻ എത്തി. എനിക്കുവേണ്ടി ആകെ ഒരു ഡി കെ ശിവകുമാർ സൂര്യൻ കത്തിനിൽക്കുന്ന സമയത്ത്, പൊരി വെയിലത്ത് മാത്രമാണ് വന്നത്. പൊതുരംഗം പൂർണമായി അവസാനിപ്പിക്കുന്നില്ല. കാരണം രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയം വിട്ട് ഒരു ജീവിതമില്ല. തൽക്കാലം പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. മത്സരിക്കുന്ന ഒരു മൂഡിലേക്കും ഇനി ഇല്ല. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം എന്നു പറയാറുണ്ട്. ഇനി ചെറുപ്പക്കാർ വരട്ടെ. ഞാൻ മാറി ഷാഫി വന്നപ്പോൾ ഭൂരിപക്ഷം കൂടിയത് പോലെ അടുത്ത തവണ തൃശൂരിൽ ചെറുപ്പക്കാർ വരട്ടെ. നിയമസഭയിലേക്കും ചെറുപ്പക്കാർ വരട്ടെ. ഇനി മത്സരരംഗത്തേക്കില്ല- മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ എനിക്ക് ദുഃഖമുണ്ടാകുമായിരുന്നില്ല. നേമത്ത് കഷ്ടപ്പെട്ടാണ് അക്കൗണ്ട് പൂട്ടിച്ചത്. ആ സ്ഥാനത്ത് താൻ മത്സരിച്ച് അക്കൗണ്ട് തുറന്നതിൽ വിഷമമുണ്ടെവന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.