തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് അതിവ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സമ്മേളനങ്ങള്‍ നടത്തുന്നതെന്നും കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സിപിഎം തയ്യാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കാസര്‍കോട്ടേ സിപിഎമ്മിന്റെ സമ്മേളനം കാരണമാണ് ജില്ലാ കളക്ടര്‍ പൊതുപരിപാടികള്‍ വിലക്കിയുള്ള ഉത്തരവ് പിന്‍വലിച്ചത്. തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തില്‍ മെഗാ തിരുവാതിര നടത്തിയതിന് ക്ഷമ ചോദിച്ചതിന്റെ പിറ്റേ ദിവസം ഗാനമേള നടത്തി. കേരളത്തിലെ കൊവിഡ് പ്രോട്ടോക്കോള്‍, ‘മദ്യം ആരോഗ്യത്തിന് ഹാനികരം’ എന്ന് മദ്യകുപ്പിയില്‍ എഴുതിവെച്ചത് പോലെയാണ്. സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി പറയുന്നതിനെ പാര്‍ട്ടി പോലും വിലയ്ക്ക് എടുക്കുന്നില്ല. ആരോഗ്യമന്ത്രിയെ കൊണ്ട് വിഡ്ഢി വേഷം കെട്ടിക്കരുതെന്നും മുരളീധരന്‍ പരിഹസിച്ചു.
രോഗ വ്യാപനം സെമി ഹൈസ്പീഡില്‍ അല്ല, ഹൈസ്പീഡിലാണുണ്ടാകുന്നത്. സിപിഎമ്മുകാര്‍ക്ക് എന്തും ചെയ്യാം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് പക്ഷെ ഒരു പരിപാടിയും നടത്താനാകില്ലെന്നതാണ് നിലപാട്. കൊവിഡ് സമയത്ത് എന്തിനാണ് തിരക്കിട്ട് സില്‍വര്‍ ലൈന്‍ പഠന ക്ലാസുകള്‍ നടത്തുന്നതെന്ന ചോദ്യവും മുരളീധരന്‍ ഉയര്‍ത്തി. ഇന്നലെ നടന്ന സില്‍വര്‍ ലൈന്‍ പഠന ക്ലാസുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ നടത്തിയതെന്ന് വ്യക്തമാക്കണം. പ്രതിഷേധിക്കാന്‍ പോലും ഇവിടെ അവസരമില്ല, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലാന്‍ പൊലീസ് പിടിച്ചു വെച്ചുകൊടുക്കുകയായിരുന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.