കോഴിക്കോട്: ഓരോ കോടതി വിധികളും സർക്കാറിന്റെ മാർക്സിറ്റ് വത്കരണത്തിന് ഏൽക്കുന്ന തിരിച്ചടിയാണെന്ന് കെ മുരളീധരൻ എംപി. ഗവർണറുടെ കാവി വത്കരണത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ മാർക്സിസ്റ്റ് വത്കരണം അംഗീകരിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. പ്രിയ വര്‍ഗീസിന് എതിരായ കോടതി വിധി ഗവർണർക്കും സർക്കാറിനും ഒരു പോലെ തിരിച്ചടിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുധാകരൻ വിഷയം അടഞ്ഞ അധ്യായമാണെന്നും കെ മുരളീധരൻ പറഞ്ഞു. ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് യോഗ്യത അദ്ദേഹത്തിന് ഉണ്ട്. അദ്ദേഹം അധ്യക്ഷ പദവിയിലേക്ക് മത്സരിച്ചതിനോട് മാത്രമാണ് തനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കിയ കെ മുരളീധരൻ, വി ഡി സതീശനും കെ സുധാകരനുമൊപ്പം ശശി തരൂരും സജീവമാക്കട്ടെ എന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറാക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയാണ് ഇന്നലെ ഉണ്ടായത്. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയ കോടതി തീരുമാനം പുനഃപരിശോധിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ കണ്ണൂര്‍ സർവ്വകലാശയ്ക്ക് നിർദ്ദേശം നൽകി. മതിയായ യോഗ്യതയുണ്ടെന്ന പ്രിയ വർഗീസിന്‍റെയും യൂണിവേഴ്സ്റ്റിയുടെയും വാദങ്ങൾ കോടതി പൂർണ്ണമായി തള്ളി.
അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ പ്രൊഫസർ ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണ്ണായക വിധി. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യുജിസി ചട്ടപ്രകാരം വേണ്ട എട്ട് വർഷത്തെ അധ്യാപന പരിചയം പ്രിയ വർഗീസിനില്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് പ്രിയ വർദീസിന്‍റെ യോഗ്യത പുനഃപരിശോധിക്കാൻ കോടതി സർവ്വകലാശാലയ്ക്ക് നിർദ്ദേശം നൽകിയത്. റാങ്ക് പട്ടികയിൽ പ്രിയ വേണോ എന്ന് പുനഃപരിശോധിക്കാൻ സർവ്വകലാശാലയോട് നിർദ്ദേശിച്ച കോടതി പട്ടിക പുനഃക്രമീകരിച്ച് നിയമനം നടത്താനും നിദ്ദേശം നൽകി.