കോഴിക്കോട്: മുഖ്യമന്ത്രി യുടെ ഓഫീസിനെതിരായ ഐജി ലക്ഷ്മണയുടെ ആരോപണത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്. മുഖ്യമന്ത്രിയുടെ കണ്ടകശനി തുടങ്ങി. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിച്ചതിന്‍റെ തിരിച്ചടിയാണിത്. ശിവശങ്കരൻ രണ്ടുമാസം കൂടി ജയിലിൽ കിടന്നാൽ ഇതിലപ്പുറവും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലായിരുന്നു ഐജി ഗുരുതര ആരോപണം ഉന്നയിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നിൽക്കുന്ന ഒരു അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ ആരോപണം. ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം കേരളത്തിന് അപമാനമാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.പോലീസിന് മൈക്ക് നേരെയാക്കാനാണ് നേരം.യുപിയും കേരളവും തമ്മിൽ എന്താണ് വ്യത്യാസം.സംസ്ഥാനത്ത് ഒരു സുരക്ഷയും ഇല്ല.ഇതരസംസ്ഥാന തൊഴിലാളികളിൽ നല്ലവരും ക്രിമിനലുകളും ഉണ്ട്.കൃത്യമായ കണക്ക് എടുക്കാൻ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു