കോഴിക്കോട്: തെലങ്കാന സ്ക്രീനിങ്ങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ എല്ലാം തയ്യാറായെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ഇടതുപക്ഷവുമായി ഇനി ചർച്ച നടക്കണം. 119 ൽ 69 മുതൽ 70 സീറ്റ് വരെ തെലങ്കാനയിൽ കിട്ടും. മജിലിസ് പാർട്ടി കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടത്തും. ബിജെപിയെ സഹായിക്കുകയാണ് അവരുടെ ലക്ഷ്യം. കോൺഗ്രസിലേതിനേക്കാൾ അഭിപ്രായ വ്യത്യാസം ബിജെപിയിൽ ഉണ്ട്. സെമിഫൈനലോടെ മോദിയുടെ പ്രതിച്ഛായ തകരും. ഫൈനലിൽ കോൺഗ്രസ് വരുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഒക്ടോബർ 22-ന് ശേഷം പ്രഖ്യാപിക്കും.40 സീറ്റുകളിൽ ഇപ്പോഴും ധാരണയായിട്ടില്ല.ജാതി മത സമവാക്യങ്ങൾ ഒപ്പിച്ച് സ്ഥാനാർഥി നിർണയം നടത്താൻ ഹൈക്കമാൻഡ് നിർദേശം നല്‍കിയിട്ടുണ്ട്.സുനിൽ കാനുഗോലുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തിമ സർവേ ഫലം കൂടി അനുസരിച്ചാകും സ്ഥാനാർഥി നിർണയം. ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.പാർട്ടി തീരുമാനം അനുസരിക്കും. തന്‍റെ അസൗകര്യം അറിയിച്ചു. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.