വടകര: തൃശ്ശൂരിൽ പത്മജ വേണുഗോപാൽ പ്രചാരണത്തിന് ഇറങ്ങിയാൽ തൻ്റെ ജോലി എളുപ്പമായെന്ന് കെ മുരളീധരൻ എംപി. മണ്ഡലം മാറ്റം ആദ്യം പ്രയാസമുണ്ടാക്കി, പക്ഷേ പാർട്ടി ഒരു കാര്യം ഏൽപ്പിച്ചാൽ അത് ഏറ്റെടുക്കാൻ താൻ ബാധ്യസ്ഥനാണെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെ മുരളീധരൻ പറഞ്ഞു. വടകരയിൽ രണ്ടരലക്ഷത്തോളം വാൾ പോസ്റ്ററുകൾ അടിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ടി.എൻ പ്രതാപൻ അതിലേറെ അച്ചടിച്ചിട്ടുണ്ടാകും. എന്നാൽ പാർട്ടി ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അത് അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്. അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിയെ എതിർക്കുക എന്നതാണ് കോൺഗ്രസിൻ്റെ നയമെന്നും കെ മുരളീധരൻ.
തൃശ്ശൂരിൽ പത്മജ വേണുഗോപാൽ പ്രചരണത്തിന് എത്തിയാൽ തിരിച്ചടിയാകുമോ എന്ന ചോദ്യത്തിനും കെ മുരളീധരൻ മറുപടി നൽകി. പത്മജ പ്രചാരണത്തിന് ഇറങ്ങിയാൽ തൻ്റെ ജോലിഭാരം കുറയുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പത്മജയ്ക്കല്ല, ബിജെപിക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് എന്നും കെ മുരളീധരൻ പറഞ്ഞു.
ബിജെപി പോസ്റ്ററിൽ കെ.കരുണാകരൻ്റെ ചിത്രം ഉൾപ്പെടുത്തിയ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കെ കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.