കോഴിക്കോട് : കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ എംപി തെറ്റു തിരുത്തുമെന്നാണു പ്രതീക്ഷയെന്നു കെ.മുരളീധരന് എംപി. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടിനൊപ്പം തരൂര്‍ നില്‍ക്കണം. കാരണം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി വന്നപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തോടൊപ്പം നിന്നിട്ടുണ്ട്. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തരൂരിന് സീറ്റ് നിഷേധിക്കണമെന്നു പല കോണില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ അന്ന് അദ്ദേഹത്തെ തടയുമെന്നു പ്രഖ്യാപിച്ചവരാണെന്ന് മറക്കരുത്. തരൂരിന് കെപിസിസി പ്രസിഡന്റ് ഒരു മുന്നറിയിപ്പ് നല്‍കിയതാണ്.
അദ്ദേഹത്തെ പുറത്താക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. എംപിയെ പുറത്താക്കാന്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമല്ല. ദേശീയ നേതൃത്വമാണ്. കെ റെയിലിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും യുഡിഎഫ് തയാറല്ല. മുഖ്യമന്ത്രി തോറ്റു പിന്മാറേണ്ടി വരുമെന്നും മുരളീധരന് പറഞ്ഞു.