തിരുവനന്തപുരം∙ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുയർത്തിയ വിമർശനങ്ങളെ പരിഹസിച്ച കേന്ദ്രമന്ത്രി വി.മുരളീധരന്, അതേ നാണയത്തിൽ മറുപടി നൽകി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ആദ്യം കേരളത്തിലെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിക്കാൻ കെ.മുരളീധരൻ കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ചു. അങ്ങനെ ചെയ്താൽ അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കാമെന്നു പറഞ്ഞ മുരളീധരൻ, താൻ നാലു തവണ ലോക്സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിച്ച് ജയിച്ചയാളാണെന്ന് ചൂണ്ടിക്കാട്ടി. വന്ദേഭാരത് ട്രെയിൻ ആരുടെയും ഔദാര്യമല്ലെന്നും, ഒന്നാം വന്ദേഭാരതിന്റെ ലാഭം കണ്ടിട്ടാണ് കേരളത്തിന് രണ്ടാം വന്ദേഭാരത് അനുവദിച്ചതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.‘കെ.മുരളീധരൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് നാലു തവണ ലോക്സഭയിലേക്കും രണ്ടു തവണ നിയസഭയിലേക്കും ചെന്ന ആളാണ്.
ഇത്രയും 50 വർഷത്തെ പാരമ്പര്യമുള്ള ഒരാൾ, ഒരു പഞ്ചായത്തലേക്കെങ്കിലും ഒന്ന് മത്സരിച്ച് ജയിച്ചാൽ അദ്ദേഹത്തോടു ഞാൻ സമസ്താപരാധം പറയാം. കേരളത്തിലെ ഏതെങ്കിലും ഒരു സഭയിലേക്കു മതി. പഞ്ചായത്തിലേക്കോ നിയമസഭയിലേക്കോ പാർലമെന്റിലേക്കോ കേരളത്തിൽനിന്ന് ഒന്നു മത്സരിച്ചു ജയിച്ചാൽ അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ അംഗീകരിക്കാം. അതുവരെ അദ്ദേഹം പറയുന്ന ജൽപനങ്ങൾക്ക് ഞാൻ മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല.’
‘ഇന്നലെ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. അത് അദ്ദേഹത്തിനെതിരെ വ്യക്തിപരമായി പറഞ്ഞതല്ല. അദ്ദേഹം പാർട്ടിക്കായി നടത്തിയ തെറ്റായ പ്രവണത ഞാൻ ചൂണ്ടിക്കാട്ടിച്ചതാണ്. ഞാൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയാണ്. അതുകൊണ്ടുതന്നെ തറ രാഷ്ട്രീയം കളിക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത എനിക്കുണ്ട്. അതാണ് ഇന്നലെ പറഞ്ഞത്. അതിൽ ഞാൻ ഉറച്ചുനിൽക്കുന്നു.’
‘കാലാകാലങ്ങളിൽ വരുന്ന മാറ്റത്തിന് അനുസരിച്ച് പുതിയ ട്രെയിനുകൾ വരും. അത് ആരുടെയും ഔദാര്യമല്ല. ആരുടെയും സ്വകാര്യ സ്വത്തല്ല. അത് കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഒന്നാം വന്ദേഭാരതിന്റെ ലാഭം കണ്ടിട്ടുതന്നെയാണ് രണ്ടാം വന്ദേഭാരത് അനുവദിച്ചത്. അല്ലാതെ സൗജന്യമായി കേരളത്തിനു നൽകിയതൊന്നുമല്ല. കേന്ദ്രം അനുവദിച്ച വന്ദേഭാരത് ട്രെയിനുകളിൽ ഏറ്റവും ലാഭം, തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിനാണ്. അതുകൊണ്ടു കിട്ടിയതാണ് രണ്ടാം വന്ദേഭാരത്. അതല്ലാതെ ആരും സൗജന്യമായി തന്നതൊന്നുമല്ല. അത്രയേ ഞാൻ പറഞ്ഞുള്ളൂ. അതിൽ ഞാൻ ഉറച്ചുനിൽക്കുന്നു.’ – മുരളീധരൻ പറഞ്ഞു.
രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എംപിക്കും നൽകിയതിലെ എതിർപ്പുകൊണ്ടാണ് കെ.മുരളീധരൻ വിമർശനവുമായി രംഗത്തുവന്നതെന്നായിരുന്നു വി.മുരളീധരന്റെ മറുപടി. എംപിമാർക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. ജനാധിപത്യത്തിൽ ജനങ്ങളുടെ സേവകനാണ് എംപി. സാധാരണക്കാർക്കൊപ്പം യാത്ര ചെയ്യാനാണ് ജനപ്രതിനിധികൾ ആഗ്രഹിക്കേണ്ടതെന്നും കെ.മുരളീധരനെ വി.മുരളീധരൻ ‘ഉപദേശിച്ചിരുന്നു’.
ഓരോ സാഹചര്യത്തിലും ഓരോന്നു പറയുന്ന രീതിയാണ് കെ.മുരളീധരന്റേതെന്നായിരുന്നു മറ്റൊരു പരിഹാസം. മുൻപ് അലുമിനിയും പട്ടേൽ എന്നു വിളിച്ചയാളെ പിന്നീട് താണുവണങ്ങി നിൽക്കുന്നത് നാം കണ്ടതാണ്. താൻ കഴിഞ്ഞ 50 വർഷണായി ഒറ്റ ആശയം, ഒറ്റ പ്രത്യയശാസ്ത്രം, ഒറ്റ പ്രസ്ഥാനം എന്ന നിലയിലാണ് മുന്നോട്ടു പോകുന്നതെന്നും, കെ.മുരളീധരൻ ഓരോ ഘട്ടത്തിലും സാഹചര്യമനുസരിച്ച് മാറിയിട്ടുണ്ടെന്നും വി.മുരളീധരൻ പരിഹസിച്ചു. ഈ സാഹചര്യത്തിലാണ്, കേരളത്തിലെ ഒരു പഞ്ചായത്തിൽനിന്നെങ്കിലും മത്സരിച്ച് ജയിക്കാനുള്ള വെല്ലുവിളി.