സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വിശദീകരണത്തിന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അടിസ്ഥാനരഹിതമായ കണക്കുകള്‍ തയാറാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് വി മുരളീധരന്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട കണക്കുകള്‍ കേന്ദ്രം രഹസ്യമായി കേന്ദ്ര സഹമന്ത്രിക്ക് അയച്ചു കൊടുക്കുകയാണോ എന്ന് കെ എന്‍ ബാലഗോപാല്‍ ചോദിച്ചു. സാധാരണ കടമെടുപ്പ് പരിധി സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്രം കൃത്യമായ അറിയിപ്പുകള്‍ നല്‍കിയിരുന്നു. കടപരിധിയെക്കുറിച്ചും എടുക്കാന്‍ കഴിയുന്ന കടത്തെക്കുറിച്ചും വ്യക്തമായ ബോധ്യം സര്‍ക്കാറിനുണ്ട്. വി മുരളീധരന്റേത് അങ്ങേയറ്റം നിലവാരം കുറഞ്ഞ തരത്തിലുള്ള രാഷ്ട്രീയ പ്രചാരണമാണെന്നും അത് ലജ്ജാകരമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാധാരണഗതിയില്‍ കൃത്യമായ കണക്കുകള്‍ സഹിതമാണ് കടമെടുപ്പ് പരിധി സംബന്ധിച്ച അറിയിപ്പുകള്‍ കേന്ദ്രം നല്‍കാറുള്ളത്. ഇത്തവണ വിശദമായ കണക്കുകള്‍ നല്‍കിയിട്ടില്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 32000 കോടി രൂപയാണ് സര്‍ക്കാരിന്റെ അംഗീകൃത കടപരിധി എന്ന ഒരു കത്ത് വന്നതിനു ശേഷം ഈ വര്‍ഷം ആകെ 15,390 കോടിയാണ് അനുവദിച്ചിട്ടുള്ളതെന്നും , ഏപ്രില്‍ മാസം അനുവദിച്ച 2000 കോടി കഴിച്ച് ഇനി 13390 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയൂ എന്നും മാത്രമാണ് കേന്ദ്രത്തിന്റെ മെയ് 26 ലെ കത്തില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പശ്ചാത്തലത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കണക്കുമായി കേന്ദ്ര സഹമന്ത്രി തന്നെ രംഗത്തുവന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട കണക്കുകള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു നല്‍കാതെ, ഇപ്പോള്‍ കേന്ദ്ര സഹമന്ത്രിക്ക് രഹസ്യമായി അയച്ചുകൊടുക്കുന്നു എന്നാണോ കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കേണ്ടത്. സംസ്ഥാനത്തിന്റെ കടപരിധിയെക്കുറിച്ചും എടുക്കാന്‍ കഴിയുന്ന കടത്തെക്കുറിച്ചും വ്യക്തമായ ബോധ്യം സംസ്ഥാന സര്‍ക്കാറിനുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ചും വ്യക്തമായ കണക്കുകള്‍ ഇവിടെയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിനും ആ കണക്കുകള്‍ അറിയാം. എന്നിരിക്കിലും ആരെങ്കിലും തെറ്റിദ്ധരിക്കുമെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതിയാകണം അദ്ദേഹം ഇത്തരം വിതണ്ഡ വാദങ്ങളുമായി രംഗത്തു വരുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.