തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കെ–- ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) കണക്‌ഷനുകൾ ജൂണിൽ നൽകും. പിന്നാക്കം നിൽക്കുന്ന 20 ലക്ഷം വീടിനും 30,000 സർക്കാർ ഓഫീസിനും മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ലഭിക്കും. വിദൂര ഗ്രാമങ്ങളിലടക്കം ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നതോടെ ഡിജിറ്റൽ സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം ഏറ്റവും മികച്ച സംസ്ഥാനമാകും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള അർഹരായ കുടുംബങ്ങൾക്ക് സൗജന്യ കണക്‌ഷൻ ലഭിക്കും. ഈ മാസത്തോടെ മുഴുവൻ ജോലിയും പൂർത്തിയാകും. ഇതിനോടകംതന്നെ വീടുകളിലും സ്ഥാപനങ്ങളിലും കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. 8551 കിലോമീറ്റർ അടിസ്ഥാന കേബിളും 26,410 കിലോമീറ്റർ കണക്‌ഷൻ കേബിളുകളുമാണ് സ്ഥാപിക്കുന്നത്. റോഡ് വീതികൂട്ടൽ നടക്കുന്ന ചിലയിടങ്ങളിൽ മാത്രമാണ് തടസ്സം.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ‘ഒരു നിയോജക മണ്ഡലത്തിൽ നൂറ് വീടിന് കണക്‌ഷൻ’ പദ്ധതി പ്രകാരം 14,000 വീട്ടിൽ ആദ്യം കണക്‌ഷൻ എത്തിക്കുമെന്ന് കെ–- ഫോൺ എംഡി സന്തോഷ് ബാബു പറഞ്ഞു. സൗജന്യ കണക്‌ഷൻ നൽകുന്നതിന് തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട് അർഹരെ കണ്ടെത്താനും നടപടികളായി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ് നടത്തിപ്പുചുമതല. ശക്തമായ ഒപ്ടിക്കൽ ഫൈബർ ശൃംഖലവഴി അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ സർവീസ് പ്രൊവൈഡേഴ്സ് മുഖേന വീടുകളിലും ഓഫീസുകളിലും എത്തിക്കുന്നതാണ് പദ്ധതി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കൂടുതൽ സാധ്യതകൾ തുറക്കും. സ്റ്റാർട്ടപ്പുകൾക്കും പ്രയോജനം ചെയ്യും. ഗ്രാമീണ സംരംഭകർക്ക് ഇ–- കൊമേഴ്സ് വഴിയുള്ള വിപണനത്തിനും സഹായകമാകും.