കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കെ-ഫോൺ ഇന്ന് യാഥാർത്ഥ്യമാകും. എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുക, കേരളത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തവും കാര്യക്ഷമവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കെ-ഫോൺ പദ്ധതി ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിക്കും.
നിയാസ സഭാ കോംപ്ലക്‌സിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ചടങ്ങ്. നിയമസഭാ മണ്ഡലങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കും. അതേസമയം കെ-ഫോണിന്റെ ഉദ്ഘാടന ചടങ്ങും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളും ബഹിഷ്‌കരിക്കാനാണ് യു.ഡി.എഫ് തീരുമാനം.
ഇന്റർനെറ്റ് സേവനങ്ങളൊരുക്കാനുള്ള അടിസ്ഥാന സൗകര്യ പദ്ധതിയാണ് കെ-ഫോൺ. ഇതുവഴി ഹൈസ്പീഡ് ഇന്റർനെറ്റ് മിതമായ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കാനാവും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായാണ് ഇന്റർനെറ്റ് കണക്ഷൻ നൽകുന്നത്. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങൾക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു. ഇതുവഴി ഇന്റർനെറ്റ് സൗകര്യങ്ങളുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വമായ ഡിജിറ്റൽ ഡിവൈഡ് ലഘൂകരിക്കാനാകും.
30,438 സർക്കാർ ഓഫീസുകൾക്ക് കെ-ഫോൺ വഴി ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 26,542 ഓഫീസുകളിൽ കണക്ഷൻ നൽകുകയും 17,155 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നു. സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തിന് കൂടുതൽ മുന്നേറാൻ കെ-ഫോൺ പദ്ധതി കരുത്തു പകരുമെന്നതിൽ സംശയമില്ല. ഭരണ നിർവഹണത്തിന്റെ വേഗത്തിനും ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ പരമാവധി വേഗത്തിൽ ഉറപ്പാക്കുന്നതിനും കെ-ഫോൺ നൽകുന്ന മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി വലിയ പിന്തുണ നൽകും. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം.