തിരുവനന്തപുരം: ഇ-ഗ്രാന്റ്സ് അപേക്ഷകൾ വൈകുന്നത് കേന്ദ്രം സൃഷ്ടിച്ച പ്രതിസന്ധിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. 2021-22 മുതൽ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിൽ സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതം ലഭിക്കുന്നതിനായി പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാനത്തിനു മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു.
കേന്ദ്രവിഹിതം ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ തുടർന്നു വന്നിരുന്ന രീതികൾ മാറ്റണമെന്നും ഫീസിനത്തിലുള്ള തുക ഉൾപ്പെടെ വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ടു നൽകണമെന്നും കേന്ദ്രസർക്കാർ നിർബന്ധിച്ചു. ഇക്കാരണത്താൽ 2021-22 വർഷം സ്കോളർഷിപ്പ് വിതരണ നടപടികൾ ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ വെബ് പോർട്ടലായ ഇ-ഗ്രാന്റ്സിൽ കാതലായ പുനക്രമീകരണ നടപടികൾ നടത്തേണ്ടി വന്നു. അതിനാൽ കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ് വിതരണ നടപടികൾ അധ്യയന വർഷത്തിന്റെ അവസാന പാദത്തിലേക്ക് നീണ്ടു.
2022-23 വർഷം പട്ടികജാതി വിദ്യാർഥികളുടെ സ്കോളർഷിപ്പ് വിതരണത്തിനായി സംസ്ഥാന സർക്കാർ അധ്യയന വർഷാരംഭത്തിൽ തന്നെ ഇ-ഗ്രാന്റ്സ് പോർട്ടൽ സജ്ജമാക്കുകയുണ്ടായെങ്കിലും സ്കോളർഷിപ്പ് വിതരണത്തിനായി കേന്ദ്രസർക്കാർ വീണ്ടും സങ്കീർണമായ പുതിയ സാങ്കേതിക നടപടികൾ കൊണ്ടു വന്നു. പട്ടികജാതി വിദ്യാർഥികളിൽ 2.50 ലക്ഷം രൂപക്കു താഴെ വരുമാനമുള്ളവർ 2022-23 വർഷം മുതൽ സ്കോളർഷിപ്പ് ലഭിക്കണമെങ്കിൽ ആദ്യം “നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ” രജിസ്റ്റർ ചെയ്ത് രജിസ്ട്രേഷൻ ഐ.ഡി കരസ്ഥമാക്കുകയും തുടർന്ന് സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ വീണ്ടും അപേക്ഷ സമർപ്പിക്കണമെന്നുമുള്ള നിബന്ധനയാണ് ആദ്യം കൊണ്ടു വന്നത്.
സംസ്ഥാനത്തെ സംബന്ധിച്ച് വിദ്യാർഥികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതായിരുന്നു ഈ പുതിയ സംവിധാനം. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകവേ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നിബന്ധന പിൻവലിക്കുകയും അതിനു വേണ്ടി ഇ-ഗ്രാന്റ്സിൽ സജ്ജമാക്കിയ സംവിധാനങ്ങളെല്ലാം വീണ്ടും പുനക്രമീകരിക്കേണ്ടി വരികയും ചെയ്തു.
അതിനെ തുടർന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ, പബ്ളിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയവയുമായി സ്റ്റേറ്റ് സ്കോളർഷിപ്പ് പോർട്ടൽ ഇന്റഗ്രേറ്റ് ചെയ്യണമെന്ന പുതിയ നിബന്ധനകളാണ് കേന്ദ്രം നിശ്ചയിച്ചത്. ഈ സാങ്കേതിക സംവിധാനങ്ങൾ പൂർത്തീകരിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ കേന്ദ്രസർക്കാർ ആണ് നൽകേണ്ടത്.
എന്നാൽ എല്ലാ കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും മെല്ലെപ്പോക്കു നയമാണ് ഉണ്ടായത്. നാഷണൽ പോർട്ടലുമായുള്ള സംയോജനത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും നാളിതു വരെ സ്റ്റേറ്റ് പോർട്ടൽ കൈകാര്യം ചെയ്യുന്ന സി-ഡിറ്റിന് പൂർണമായി ലഭ്യമാക്കിയിട്ടില്ല.
സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ ആവശ്യമായ സാങ്കേതിക നടപടികൾ പൂർത്തീകരിക്കുന്നതിനായി കേന്ദ്രസർക്കാർ ഒക്ടോബർ 27, 28 തീയതികളിൽ ബംഗളുരുവിൽ ക്ലസ്റ്റർ മീറ്റിംഗ് വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്ത അവസ്ഥ പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.