കൊച്ചി: വിവിധ പദ്ധതികളിലൂടെ മനുഷ്യജീവിതം മെച്ചപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. തൃക്കാക്കര മണ്ഡലതല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അധികാരത്തിലെത്തിയാൽ നടപ്പിലാക്കുമെന്ന് പറഞ്ഞ കാര്യങ്ങൾ ഓരോ ഘട്ടത്തിലും കൃത്യമായി നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.
പണിയെടുക്കുന്നവരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ക്ഷേമ പ്രവർത്തനങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്. പെൻഷൻ തുക കൈകളിലേക്ക് എത്തിക്കുമെന്ന് സർക്കാർ നൽകിയ വാഗ്ദാനം പൂർത്തീകരിച്ചു. ക്ഷേമ പെൻഷൻ 1000 രൂപയാക്കുമെന്ന് പറഞ്ഞ സർക്കാർ 5 വർഷം കൊണ്ട് 1600 രൂപയാക്കി വർധിപ്പിച്ചു. 2016 ന് മുമ്പ് ഭരിച്ച സർക്കാർ 32 ലക്ഷം പേർക്ക് പെൻഷൻ നൽകിയപ്പോൾ കുടിശ്ശിക ഉൾപ്പെടെ തീർത്ത് 62 ലക്ഷം പേർക്കാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പെൻഷൻ നൽകിയത്.
പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാർ അഞ്ച് വർഷംകൊണ്ട് 35154 കോടി രൂപയാണ് പെൻഷനായി നൽകിയത്. തുടർന്ന് വന്ന സർക്കാർ രണ്ടര വർഷം പിന്നിടുമ്പോൾ 23504 കോടി രൂപയും പെൻഷനായി നൽകി. ക്രിസ്മസിനോട് അനുബന്ധിച്ച് നൽകിയത് ഉൾപ്പെടെ 59404 കോടി രൂപയാണ് പെൻഷൻ നൽകിയതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്തിലാണ് എല്ലാവർക്കും ഭവനം ഉറപ്പാക്കണമെന്ന് ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കിയത്. 3,68,000 പരം ആളുകൾക്ക് പാർപ്പിടം ഉറപ്പാക്കി. നിലവിൽ ഒരു ലക്ഷത്തിലധികം ആളുകൾക്ക് പാർപ്പിടം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. ഭരണം പൂർത്തിയാകുമ്പോഴേക്കും ആറ് ലക്ഷം പേർക്ക് ഭവനം ഉറപ്പാക്കാനാണ് സർക്കാർ പ്രയത്നിക്കുന്നതെന്നും മന്ത്രി പറഞ്ഞു.പണിയെടുക്കുന്നതിന് പറ്റിയ അന്തരീക്ഷമാണ് കേരളത്തിലേത്. തൊഴിലും വരുമാനവും വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുകയാണ് സർക്കാൻ ശ്രമിക്കുന്നത്. മനുഷ്യജീവിതം മെച്ചപ്പെടുത്തേണ്ട ഭാഗമായി സാമൂഹിക രംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങളുടെ പ്രയോജനം ലഭിക്കാൻ പോകുന്നത് അതിദരിദ്രർക്കാണ്. അതി ദാരിദ്ര്യം നിർമാർജനം ചെയ്തു കൊണ്ടിരിക്കുകയാണ് കേരളം. നീതി ആയോഗിന്റെ കണക്കിൽ ഒരു ശതമാനത്തിൽ താഴെയാണ് അതിദരിദ്രർ. 0.71 ശതമാനം. 2025 നവംബർ ഒന്നിന് അതിദാരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും.
കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. ലോകത്തിന് മാതൃകയായ കേരളത്തെ ഇനിയും പുതുക്കി പണിയണം. നേടേണ്ട വികസന കാര്യങ്ങളെ കുറിച്ച് ജനങ്ങളുമായി ചർച്ച ചെയ്യണം. നാടിൻ്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ജനങ്ങളോട് പറയുന്നതിനൊപ്പം നേരിടുന്ന പ്രയാസങ്ങൾ ജനങ്ങളോട് സംവദിക്കുന്നതിനാണ് നവകേരള സദസ് നടത്തുന്നത്. ഇത്തരം സന്ദർഭത്തിൽ സർക്കാർ നേരിടുന്ന പ്രതിസന്ധികളെ ജനങ്ങളുടെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ചു മുന്നോട്ട് പോകും. നവ കേരള സദസിലെ ജനസാന്നിധ്യം സർക്കാരിനുള്ള പിന്തുണയാണെന്നും മന്ത്രി പറഞ്ഞു.