തിരുവനന്തപുരം : കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫുമായി (UDF) ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ മുഴുവൻ പ്രശ്നമാണ് എന്നും അദ്ദേഹം പറഞ്ഞു. കെ. റയിൽ കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ കൈയും കെട്ടി നിൽക്കില്ല. ചങ്ങനാശേരി സമരഭൂമിയാണ്. ചങ്ങനാശേരിയെന്ന് കേൾക്കുമ്പോൾ കോടിയേരിക്ക് എന്തോ പ്രശ്നമുണ്ട്. ചങ്ങനാശേരിയെന്ന് കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ മറുപടി പറയേണ്ടത് അവരാണ്.
കൊച്ചി മെട്രോയിലെ അപാകത ഇ ശ്രീധരൻ തന്നെയാണ് പറഞ്ഞത്. മറ്റാരും കണ്ടത്തിയതല്ല. അതിനുളള പരിഹാരവും അദ്ദേഹം തന്നെ പറയുമെന്നും സുരേന്ദ്രൻ പറഞ്ഞു. മുൻ ഡിജിപി ജേക്കബ് തോമസിനെ കെ.സുരേന്ദ്രൻ തള്ളിപ്പറഞ്ഞു. കാര്യങ്ങൾ മനസിലാക്കാതെയുളള പ്രതികരണമാണ് അദ്ദേഹത്തിന്റേത്. അത്തരം അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല. ജേക്കബ് തോമസ് പദ്ധതിയെ അനുകൂലിച്ചിരുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.