തിരുവനന്തപുരം : സിൽവർ ലൈൻ നടത്തണമെന്ന പിടിവാശിയിൽ മുഖ്യമന്ത്രി ബോധപൂർവ്വം അസത്യ പ്രചാരണം നടത്തുകയാണെന്നും പൗരമുഖ്യരേയും വിളിച്ചുകൂട്ടി കബളിപ്പിച്ചിരിക്കുകയാണെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ഒളിച്ചുവയ്ക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും നടക്കാതെ ഭാഗികമായി പുറത്തുവന്ന ഡി.പി. ആറിന്റെ എക്സിക്യൂട്ടീവ് സമ്മറിയുടെ 85 ആം പേജിൽ മധ്യഭാഗത്തു നിന്നും ഇരു പുറത്തേക്കും 30 മീറ്റർ ഫ്രീസ് ചെയ്യുമെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ബോധപൂർവം മറച്ചുവെച്ചുകൊണ്ടാണ് സിൽവർ ലൈനിൽ 10 മീറ്ററാണ് ബഫർ സോൺ എന്ന് പൗരമുഖ്യരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്.
കേരളത്തെ വിഭജിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അതിനുള്ള ന്യായീകരണമായി പറയുന്നത് ആകെ നിർമാണത്തിന്റെ 25 ശതമാനത്തിലേറെ തൂണുകളിലൂടെയും തുരങ്കത്തിലൂടെയുമാണ് പോകുന്നതെന്നാണ്. എന്നാൽ ഡി.പി. ആറിൽ തുരങ്കം വെറും 11.528 കിലോ മീറ്ററും (2.17%)തൂണുകൾ 88.412 കിലോ മീറ്ററും (16.61%) മാത്രമാണ്. അതേസമയം ആകെയുള്ള 529.450 കിലോ മീറ്ററിൽ 292.728 കിലോ മീറ്ററും (55%)എംബാങ്ക്മെന്റും 101.737 കിലോ മീറ്റർ (19.12%)കട്ടിങ്ങും 24.789കിലോ മീറ്റർ (4.60%) കട്ട് ആൻഡ് കവറുമാണ്. എംബാങ്ക്മെന്റ് എന്നുപറയുന്നത് 8 മീറ്റർ ഉയരത്തിൽ ഇരുഭാഗത്തും ഭിത്തികെട്ടി നടുക്ക് മണ്ണും മറ്റു വസ്തുക്കളുമിട്ടു നിറയ്ക്കുന്ന 15 – 30 മീറ്റർ വീതിയുള്ള മതിൽ തന്നെയാണ്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതവും പ്രളയ ഭീഷണിയും മറച്ചുവെച്ച് ഇത് പരിസ്ഥിതിക്ക് ദോഷം അല്ല ഗുണമാണെന്ന് പറയുന്ന മുഖ്യമന്ത്രി എല്ലാവരെയും പറ്റിക്കുകയാണ്.
ഡിപിആർ വെളിപ്പെടുത്തേണ്ടതില്ലെന്ന് സ്തുതിപാഠകരായ ഉദ്യോഗസ്ഥരെക്കൊണ്ട് വിശദീകരിപ്പിക്കുന്ന മുഖ്യമന്ത്രി മുംബൈ-അഹമ്മദാബാദ് അതിവേഗ പദ്ധതിയുടെ വിശദാംശങ്ങൾ എല്ലാ ജനങ്ങൾക്കും ലഭ്യമാണെന്ന കാര്യം മറക്കരുത്.2025ഓടെ 160 കിലോ മീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ പ്രഖ്യാപനം നടത്തുകയും ആദ്യഘട്ടമായി അതിനുള്ള മൂന്നാം ലൈൻ എറണാകുളം – ഷൊർണൂർ പാതയിൽ നിർമിക്കാൻ അനുമതി നൽകി തുക അനുവദിച്ചു മുന്നോട്ടു പോവുകയും ചെയ്യുമ്പോൾ അത്തരം കെടുതികൾ കുറഞ്ഞ പദ്ധതി ആലോചിക്കേണ്ടതിനുപകരം വിനാശകരമായ ഈ പദ്ധതിക്കായി വാശിപിടിക്കുന്നത് എന്തിന്?
താൻ ചെയ്യുന്ന പാപകർമ്മത്തിന് പൗര മുഖ്യരെ കൂടി പങ്കാളികളാക്കാനുള്ള കെണിയാണ് മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നത്. അവരുടെ കൂടി മുഖം നഷ്ടപ്പെടുത്താനുള്ള ബോധപൂർവ്വമായ നീക്കമാണിത്. വാഴുന്നവന് വള അണിയിക്കുന്നതിനു പകരം യഥാർത്ഥ വസ്തുതകൾ തിരിച്ചറിഞ്ഞു രാജാവ് നഗ്നനാണെന്ന് പറയാനുള്ള ആർജ്ജവമാണ് കേരളം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.