തിരുവനന്തപുരം : വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ കെ-റെയിലിന്റെ തീവ്ര പ്രചാരണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. പദ്ധതി സംബന്ധിച്ച വിവരങ്ങൾ എല്ലാ വീടുകളിലും എത്തിക്കാനായി പ്രചാരണ പത്രിക തയ്യാറാക്കാൻ സർക്കാർ ഇ-ടെൻഡർ ക്ഷണിച്ചു. പ്രചാരണ പത്രികയായുള്ള കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പിയാണ് അച്ചടിക്കുന്നത്. സിപിഎം സംഘടനാ സംവിധാനം വഴിയാകും കൈപ്പുസ്തകം വീടുകളിൽ എത്തിക്കുക. അതേസമയം പുസ്തകം അച്ചടിക്കാനുള്ള തുക വകയിരുത്തിയിട്ടില്ല. ടെൻഡർ ക്ഷണിച്ച ശേഷമേ ഇതിനായി എത്രതുക വേണ്ടിവരുമെന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. സർക്കാർ പ്രചാരണ പരിപാടികൾക്ക് നീക്കിവെച്ച അക്കൗണ്ടിൽ നിന്നായിരിക്കും ഇതിനായി തുക ചെലവഴിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം ഡിസംബർ 31 വരെ സർക്കാർ പരസ്യം നൽകുന്നതിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പുതുവർഷത്തിലാണ് ഇതിൽ മാറ്റംവന്നത്.
നേരത്തെ ജില്ലകളിൽ പൗരപ്രമുഖരുടെ യോഗം വിളിച്ച് മുഖ്യമന്ത്രിയും സംവാദങ്ങൾ സംഘടിപ്പിച്ച് സിപിഎം സംഘടനാ തലത്തിലും കെ-റെയിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ എല്ലാ വീടുകളിലേക്കും എത്തിക്കാൻ കൈപ്പുസ്തകം തയ്യാറാക്കാനുള്ള സർക്കാർ നീക്കം.