കോഴിക്കോട് : സംസ്ഥാനത്ത് കെ റെയിലിന് കീഴിലെ സിൽവർലൈനിന് കേന്ദ്രസർക്കാറിന്റെ പിന്തുണയുണ്ടെന്നും കേന്ദ്രസർക്കാറിന്റെ പോളിസികൾ പൂർണ്ണമായും പാലിച്ചുള്ള പദ്ധതിയാണിതെന്നും കെ റെയിൽ എം ഡി വി അജിത്കുമാർ. കെ റെയിൽ സർവേക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ നടക്കുന്നത് സാമൂഹിക ആഘാതപഠനത്തിനുള്ള കല്ലിടൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആരെയൊക്കെയാണ് പദ്ധതി ബാധിക്കുക എന്ന് വിലയിരുത്തുന്നതിനാണ് ഇപ്പോൾ കല്ലിടുന്നത്. രണ്ട് മാസം കൊണ്ട് കല്ലിടൽ പൂർത്തിയാക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മാസം കൊണ്ട് സാമൂഹിക ആഘാത പഠനം പൂർത്തിയാക്കും.
പദ്ധതി ബാധിക്കുന്നവരുമായി വിദഗ്ധ സമിതി കൂടിക്കാഴ്ച നടത്തുകയും സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. അതിന് ശേഷമാണ് തുടർനടപടി ഉണ്ടാകുകയെന്ന് എം.ഡി പറഞ്ഞു. ഇരു ഭാഗങ്ങളിലും അഞ്ച് മീറ്റർ വീതം ബഫർ സോണായിരുക്കുമെന്ന് അവിടെ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബഫർ സോൺ ഉണ്ടായിരിക്കില്ലെന്ന് നേരത്തെ മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ പിന്തുണയുണ്ടെന്നും കേന്ദ്ര ധനമന്ത്രിയുടെ അനുമതിയോടെയാണ് നടപടികൾ പുരോഗമിക്കുന്നതെന്നും എം ഡി അജിത് കുമാർ പറഞ്ഞു. കേന്ദ്രത്തിന്റെ പോളിസികൾക്ക് അനുസരിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് എങ്ങിനെയാണ് അനുമതി ലഭിക്കാതിരിക്കുകയെന്നും അദ്ദേഹം ചോദിച്ചു.